കർണാടകയിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ കാര്യ സമിതി ഇടക്കിടെ ചേരുകയും പാർട്ടിയെ ഏകോപിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചു. പാർട്ടി നേതൃത്വത്തേയും മറ്റ് ആഭ്യന്തര കാര്യങ്ങളേയും കുറിച്ച് പരസ്യ പ്രതികരണത്തിന് മുതിരരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകിയത്.
‘അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസ് നേതാക്കളുടെ ചില പ്രസ്താവനകൾ ഇപ്പോഴും മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കെണികളിൽ ഇനി നേതാക്കൾ വീഴരുത്. പാർട്ടിക്കകത്തെ വിഷയങ്ങൾ നേതാക്കൾ ചർച്ച പാടില്ല’, എന്നും രാഹുൽ ഗാന്ധി പറഞ്ഞു.