ദില്ലി: അമ്പത് ലക്ഷം രൂപയുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസിൽ പരിശോധനയ്ക്ക് എത്തിയ ബംഗാൾ പോലീസിനെ ദില്ലി പോലീസ് തടഞ്ഞു. കേസിലെ പ്രതിയുടെ ദില്ലിയിലെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടഞ്ഞത്. കോടതി വാറണ്ട് ഉണ്ടായിട്ടും ലോക്കൽ പോലീസ് പരിശോധനയ്ക്ക് അനുവദിച്ചില്ല എന്ന് ബംഗാൾ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു.
ജൂലൈ 30നാണ് അരക്കോടിയോളം രൂപയുമായി മൂന്ന് കോൺഗ്രസ് എംഎൽഎമാർ പിടിയിലായത്. രാത്രിയോടെ കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബംഗാൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ മൂന്ന് എംഎൽഎമാരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ അറസ്റ്റിലായ എംഎൽഎമാരിൽ രണ്ടുപേർ ജാർഖണ്ഡ് സർക്കാരിനെ വീഴ്ത്താൻ കൂട്ടുനിന്നാൽ പത്ത് കോടി രൂപയും മന്ത്രിസ്ഥാനവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും, ഗുവാഹത്തിയിലെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയെ കാണാൻ നിർദേശിച്ചിരുന്നെന്നും മറ്റൊരു എംഎൽഎയായ കുമാർ ജയ്മംഗൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണം ഹിമന്ത ബിശ്വാസ് ശർമ നിഷേധിച്ചു.
പണത്തിൻറെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ഇവർക്കായില്ലെന്നാണ് വിവരം. ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാൻ കുറഞ്ഞ വിലയ്ക്ക് സാരി വാങ്ങാനാണ് ബംഗാളിലെത്തിയതെന്ന എംഎൽഎമാരുടെ വാദം പൊലീസ് അംഗീകരിച്ചില്ല. എന്നാൽ ഓപ്പറേഷൻ ലോട്ടസിലൂടെ നൽകാനുദ്ദേശിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ജാംതാഡ എം.എൽ.എ. ഇർഫാൻ അൻസാരി, ഖിജ്രി എം.എൽ.എ. രാജേഷ് കച്ഛപ്, കോലെബിര എം.എൽ.എ. നമൻ ബിക്സൽ കോംഗാരി എന്നിവരായിരുന്നു അറസ്റ്റിലായവർ.