അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2375.53 അടിയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ ഡാമിന്റെ സംഭരണ ശേഷി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാർപ്പിച്ചു. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനത്ത് 9 എൻഡിആർഎഫ് സംഘങ്ങൾ വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതാമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യതൊഴിലാളികൾക്ക് കർശന വിലക്കുണ്ട്.