കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ കൂടി വ്യാജരേഖ ചമച്ചു എന്ന് തെളിഞ്ഞിരിക്കുന്നു. ആലുവയിലെ കോൺഗ്രസ് എംഎൽഎ അൻവർ സാദത്താണ് വിദ്യാഭ്യാസ യോഗ്യതയിൽ വ്യാജരേഖ ചമച്ചത്. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസയോഗ്യതയാണ് വ്യാജം. പരീക്ഷാ കമീഷണറേറ്റിൽനിന്നുള്ള വിവരാവകാശരേഖയിലാണ് ഇതുള്ളത്. 1993ൽ ആലുവ എസ്എൻഡിപി ഹൈസ്കൂളിൽനിന്ന് പത്താംക്ലാസ് പാസായെന്നാണ് അൻവർ സാദത്ത് അവകാശപ്പെടുന്നത്. ഒ എ അൻവർ സാദത്ത് എന്ന വിദ്യാർഥി 1990–91ൽ ഒമ്പതാംക്ലാസിൽ പഠിച്ചിട്ടുണ്ട്. 1991–92ൽ 275842 എന്ന നമ്പറിൽ എസ്എസ്എൽസിക്ക് രജിസ്റ്റർ ചെയ്തെങ്കിലും പരീക്ഷ എഴുതിയില്ല. 1992–93ൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്തെങ്കിലും തോറ്റു.
വിവരാവകാശ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളിയാണ് എംഎൽഎ നടത്തിയ ക്രമക്കേട് പുറത്തുകൊണ്ടു വന്നത്. 2011 മുതൽ തുടർച്ചയായി ആലുവ നിയോജക മണ്ഡലത്തിൽനിന്ന് ജയിച്ചുവരുന്ന അൻവർ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. ഇതിനുമുൻപ് മൂവാറ്റുപഴ എംഎൽഎ മാത്യു കുഴൽനാടനും തെറ്റായ വിദ്യാഭ്യാസ യോഗ്യത നൽകിയിരുന്നു. അൻവർ സാദാത് എംഎൽഎയുടെ വ്യാജരേഖ കൂടി പുറത്തുവന്നതോടെ വ്യാജരേഖ ചമച്ച കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം രണ്ടായി.