ബർമിങ്ഹാം: മിസോറമിൽനിന്നുള്ള പത്തൊമ്പതുകാരൻ ഇന്ത്യയുടെ അഭിമാനമുയർത്തി. മീരാഭായ് ചാനുവിനുപിന്നാലെ ഭാരോദ്വഹനത്തിൽ വീണ്ടും സ്വർണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് ജെറെമി ലാൽറിന്നുംഗയുടെ നേട്ടം. ഉയർത്തിയത് 300 കിലോ. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണ്.
എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ഐസ്വാളിൽനിന്നുള്ള അത്ഭുത പ്രതിഭ. സ്നാച്ചിൽ 140 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉയർത്തി. തൊട്ടടുത്തുള്ള എതിരാളിയേക്കാൾ ഏഴുകിലോ മുൻതൂക്കം. സ്നാച്ചിൽ 136 കിലോയാണ് ആദ്യം ഉയർത്തിയത്. അടുത്തതിൽ 140 ആക്കി. അത് ഗെയിംസ് റെക്കോഡായി. അവസാന ശ്രമത്തിൽ 143 കിലോ ഉയർത്താനായില്ല. ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യം 154 കിലോയും രണ്ടാമത്തേതിൽ 160 കിലോയും മറികടന്നു. ഒടുവിൽ 165 കിലോശ്രമം പാഴായി. വെള്ളിയും വെങ്കലവും നൈജീരിയക്കാണ്.