കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ. തടിയന്റവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് ആറ് വർഷം തടവും പിഴയുമാണ് ശിക്ഷ. തടിയന്റവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1,10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.
കണ്ണൂർ സ്വദേശി തടിയന്റവിട നസീറിനു പുറമേ പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി, പറവൂർ സ്വദേശി താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. മൂന്നുപേരും എൻ.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനെ കോടതി ആറുവർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.
വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും.
2005 സെപ്തംബർ 9നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനകേസിൽ ജയിലിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. 2010 ഡിസംബറിലാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്.