ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ വീണ് ഒരു മാസം പിന്നിടവെ, ശിവസേനയിൽ ഉദ്ദവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിന്ന ബിജെപിയുടെ തീവ്രവിമർശകനായ രാജ്യസഭാംഗം സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന 12 വർഷം പഴക്കമുള്ള കേസിലാണ് നടപടി.
ഞായർ രാവിലെ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് റാവത്തിന്റെ ബാൻഡുപ്പിലുള്ള വസതിയിൽ ഇഡി സംഘം എത്തിയത്. ആറുമണിക്കൂർ ചോദ്യം ചെയ്തശേഷം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് വൈകിട്ട് അഞ്ചോടെ കസ്റ്റഡിയിലെടുത്ത് മുംബൈ ഇഡി ഓഫീസിലെത്തിച്ചു. അർധരാത്രിക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കൾ പകൽ 11.30ന് കോടതിയിൽ ഹാജരാക്കും. ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസും വ്യാജ തെളിവുകളുമാണ് ഇഡിയുടെ കൈവശമുള്ളതെന്നും തലപോയാലും കേന്ദ്രത്തിന് കീഴടങ്ങില്ലെന്നും റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇഡി നടപടി പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് ശിവസേന ആരോപിച്ചു. റെയ്ഡ് വിവരമറിഞ്ഞ് നൂറുകണക്കിന് ശിവസേന പ്രവർത്തകർ വസതിയിലേക്കെത്തി. റാവത്തിന്റെ വീട്ടിൽ ‘ഇഡി അതിഥികൾ’ എത്തിയെന്നും അറസ്റ്റുണ്ടായേക്കുമന്നും ഉദ്ദവ് താക്കറെ രാവിലെ പറഞ്ഞിരുന്നു.
ശിവസേന പിളർത്തി ബിജെപിക്ക് ഒപ്പംചേർന്ന് ഏക്നാഥ് ഷിൻഡെ പുതിയ സർക്കാരുണ്ടാക്കിയപ്പോൾ, റാവത്തിനെയും മറുകണ്ടം ചാടിക്കാൻ ശ്രമമുണ്ടായി. എന്നാൽ ഉദ്ദവിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച റാവത്ത് ബിജെപി നേതൃത്വത്തെ കൂടുതൽ ശക്തിയോടെ വിമർശിച്ചു. പിന്നാലെയാണ് ഇഡിയുടെ രംഗപ്രവേശം.