ബർമിങ്ഹാം: സ്മൃതി മന്ദാനയിലൂടെ ഇന്ത്യ ചിരിച്ചു. സ്മൃതിയുടെ ബാറ്റിന്റെ ബലത്തിൽ കോമൺവെൽത്ത് ഗെയിംസ് ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തരിപ്പണമാക്കി. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ കളിയിലാണ് ഇന്ത്യൻ വനിതകളുടെ ജയം. 100 റൺ വിജയലക്ഷ്യം 38 പന്ത് ബാക്കിനിൽക്കെ മറികടന്നു. മന്ദാന 42 പന്തിൽ 63 റണ്ണുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സറും എട്ട് ഫോറും ഇരുപത്താറുകാരി പറത്തി. ബൗളർമാരും തിളങ്ങി. സ്നേഹ് റാണയും രാധ യാദവും രണ്ടുവീതം വിക്കറ്റ് നേടി. സ്കോർ: പാകിസ്ഥാൻ 99 (18); ഇന്ത്യ 2–102 (11.4). ടോസ് നേടിയ പാക് നായിക ബിസ്മ മറൂഫ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുംമുമ്പേ ഓപ്പണർ ഇറം ജാവേദിനെ മടക്കി മേഘ്ന സിങ് പാക് പടയ്ക്ക് താക്കീതുനൽകി. മുനീബ അലിയും (30 പന്തിൽ 32) ബിസ്മയും (17) രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. നാല് റണ്ണിനിടെയാണ് അവസാന അഞ്ച് ബാറ്റർമാരും പുറത്തായത്.
മറുപടിയിൽ മന്ദാനയുടെ ബാറ്റിൽ ഇന്ത്യ കുതിച്ചു. തുടക്കംമുതൽ തകർത്തടിച്ചു ഈ ഇടംകൈയുകാരി. ഷഫാലി വർമ (16), എസ് മേഘ്ന (14) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ജെമീമ റോഡ്രിഗസ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. ഹർമൻപ്രീത് കൗർ കൂടുതൽ ട്വന്റി–20 ജയിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായി (42). മഹേന്ദ്രസിങ് ധോണിയെ (41) മറികടന്നു. ബുധനാഴ്ച ബാർബഡോസിനെതിരെയാണ് അടുത്ത കളി.