ന്യൂഡൽഹി: നേമം ടെർമിനൽ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിനും വിശിഷ്യാ തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെർമിനൽ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി റെയിൽവേയുടെ പക്കലുണ്ട്. 117 കോടി രൂപ മാത്രം വേണ്ടിവരുന്ന ഈ പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രമന്ത്രിക്കുണ്ട്.
പദ്ധതി ഉപേക്ഷിച്ച കാര്യം ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അറിയിച്ച കേന്ദ്ര റെയിൽവേ മന്ത്രാലയം രേഖാമൂലമായിത്തന്നെ ഈ തീരുമാനം പുനഃപരിശോധിച്ചതായി അറിയിക്കുകയും ടെർമിനലിന്റെ പണി ഉടൻ ആരംഭിക്കുകയും ചെയ്താൽമാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ. രാഷ്ട്രീയനാടകങ്ങൾ അവസാനിപ്പിച്ച് വ്യക്തവും സുതാര്യവുമായ നടപടികൾക്കു മുതിരാൻ കേന്ദ്ര ഭരണ കക്ഷിയും റെയിൽവേ മന്ത്രാലയവും സന്നദ്ധമാകണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെടുന്നു.
നേമം ടെർമിനൽ വിഷയത്തിൽ ബിജെപിയും കേന്ദ്ര റെയിൽവേ മന്ത്രാലയവും ആരംഭിച്ച അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേമം ടെർമിനൽ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖാന്തിരം തന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനർചിന്തനത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്. പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് താൻ നല്കിയ കത്തിന് ഇതുവരെ മന്ത്രി മറുപടി നല്കിയിട്ടില്ല.
കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെർമിനൽ വിഷയം ബിജെപി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാൻ തിരക്കു പിടിച്ച് ഒരു തറക്കല്ലിടൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിച്ചത്. താൻ രാജ്യസഭാംഗമായ ശേഷം തുടർച്ചയായി ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ബജറ്റിൽ പ്രഖ്യാപിക്കുകയും തറക്കല്ലിടൽകർമ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ രാജ്യസഭാതലത്തിൽ ഉയർത്തിയിരുന്നു.