ദില്ലി: ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാർക്ക് സസ്പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് രാജ്യസഭയിൽ 11 എംപിമാർക്ക് സസ്പെൻഷൻ. ഒരാഴ്ച്ചത്തേക്കാണ് സസ്പെൻഷൻ. ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെന്റ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിർത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേർന്നപ്പോഴും എംപിമാർ പ്രതിഷേധം തുടർന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാർ പ്രധാനമായും പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്റ് ചെയ്തിരുന്നു. ടിഎൻ പ്രതാപൻ, രമ്യഹരിദാസ് അടക്കമുളളവരെയാണ് വർഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.