സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് , നാല് മുനിസിപ്പാലിറ്റി, പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ 20 വാർഡുകളിലായി 65 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 1,24,420 വോട്ടർമാരാണ് ജനവിധിയെഴുതുന്നത്. എവിടെയെല്ലാമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്??? ഈ വാർഡുകൾ ആരുടെ സിറ്റിംഗ് സീറ്റുകളാണ് എന്ന് വിശദമായി പരിശോധിക്കുകയാണ് ഈ വീഡിയോയിൽ. മലപ്പുറം ജില്ലയിൽ അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ലീഗ് മേൽക്കൈ പ്രകടമാണ്. മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാംപടി , മഞ്ചേരി മുനിസിപ്പിലാറ്റിയിലെ കിഴക്കേതല, ജില്ലാ പഞ്ചായത്തിലെ ആതവനാട്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം എന്നീ തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിൽ മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാംപടി മാത്രമാണ് എൽഡിഎഫിനൊപ്പമുള്ളത്. മറ്റ് നാലും ലീഗ് സിറ്റിംഗ് സീറ്റാണ്. കാസർകോഡ് ജില്ലയിലും അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് . തെരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തോയമ്മൽ , കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ്, കള്ളാർ ഗ്രാമപഞ്ചായത്തിലെ ആടകം വാർഡ് എന്നിവ സിപിഎം സിറ്റിംഗ് സീറ്റുകളാണ്. അതേസമയം ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ ബിജെപിയും പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് ലീഗുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയുടെയും ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാർഡ് ബിജെപിയുടെയും സിറ്റിംഗ് സീറ്റാണ്. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളും എൽഡിഎഫിന്റേതാണ്. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം,രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപ്പാറ എന്നിവയാണ് ഇവ.. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ ഇടത് മുന്നണി സിറ്റിംഗ് സീറ്റുകൾ ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി, കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ, തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത് പടി, പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി എന്നിവയാണ്.. ഉപതെരഞ്ഞെടുപ്പ് നടക്കുന്നവയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റുകളിൽ ഒന്ന് മാത്രമാണ് കോൺഗ്രസിനുള്ളത്. അത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലെ പുളിഞ്ചോട് ഡിവിഷനാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 20 സീറ്റുകളിലെയും നിലവിലെ സ്ഥിതി പരിശോധിച്ചാൽ ഇടത് മുന്നണിയുടെ മേൽക്കൈ പ്രകടമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിലാണ് ഇടത് മുന്നണി വിജയിച്ചത്. ഈ 11 സീറ്റുകളിൽ പത്തെണ്ണവും സിപിഎമ്മാണ് വിജയിച്ചത്. കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസിന്റേതാണ്. യുഡിഎഫിന് നിലവിൽ 7 സീറ്റുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണവും ലീഗിന്റേതാണ് . ഒന്ന് ആർഎസ്പിയുടെയും ഒന്ന് കോൺഗ്രസിന്റേതുമാണ്. ബിജെപിക്ക് രണ്ട് സീറ്റുകളാണുള്ളത്. കഴിഞ്ഞ മെയ് മാസം 42 തദ്ദേശ വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ 4 സീറ്റുകൾ അധികമായി പിടിച്ച് 24 സീറ്റുകൾ എൽഡിഎഫ് സ്വന്തമാക്കിയിരുന്നു. യുഡിഎഫിനാകാട്ടെ 16 സീറ്റുകളുണ്ടായിരുന്നത് 12 ആയി കുറഞ്ഞു. ബിജെപി അവരുടെ സീറ്റുകളുടെ എണ്ണം ആറായി നിലനിർത്തുകയും ചെയ്തു.
പ്രാദേശിക ഘടകങ്ങൾ തദ്ദേശ തെരരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിക്കുമെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇരുമുന്നണികൾക്കും നിർണായകമാണ്. എൽഡിഎഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജയം നേടാനായാൽ അത് വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാറും. സ്വർണക്കടത്ത് വിവാദത്തിന് വീണ്ടും തിരികൊളുത്തിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാൽ സർക്കാരിനെതിരായ ആരോപണങ്ങളെ ജനങ്ങൾ ഒരിക്കൽക്കൂടി തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അവകാശപ്പെടാനാകും. മറുവശത്ത് തൃക്കാക്കര വിജയത്തിന്റെ ആവേശത്തിലാണ് ഇപ്പോഴും യുഡിഎഫ് ക്യാംപ്. ഈ ഈ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനായാൽ സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമായിട്ടായിരിക്കും അവർ വിജയത്തെ വ്യാഖ്യാനിക്കുക.