ഉത്തർപ്രദേശിൽ ജലവിഭവ സഹമന്ത്രി ദിനേശ് ഖാട്ടിക് രാജിവച്ചു. കടുത്ത ദളിത് വിവേചനം നേരിടുന്നെന്ന് വെളിപ്പെടുത്തിയാണ് പ്രമുഖ ദളിത് നേതാവുകൂടിയായ ദിനേശ് ഖാട്ടിക് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള എതിർപ്പ് പ്രകടമാക്കുന്ന രാജിക്കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകി.
ദളിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. മന്ത്രിയുടെ ഒരു അധികാരവുമെനിക്കില്ല. ഒരു യോഗത്തിനും വിളിക്കാറില്ല. വകുപ്പുമായി ബന്ധപ്പെട്ട ഒരുകാര്യവും അറിയിക്കാറില്ല. ഇത് ദളിത് സമൂഹത്തോടുള്ള അവഹേളനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഖാട്ടിക് രാജിക്കത്ത് കൈമാറിയത്. വകുപ്പിൽ ഗുരുതര ക്രമക്കേടും നമാമി ഗംഗേ അടക്കം പദ്ധതികളിൽ കൊടിയ അഴിമതിയാണെന്നും ഖാട്ടിക് വെളിപ്പെടുത്തി. അതേസമയം യോഗി ആദിത്യനാഥിന്റെ നടപടികളിൽ എതിർപ്പ് പരസ്യമാക്കി പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദും രംഗത്തെത്തി.