കൊടകര കുഴൽപണക്കടത്തു കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി എടുക്കാതെ കേന്ദ്ര അന്വേഷണ ഏജൻസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഒരു വർഷമായി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇറക്കിയ മൂന്നരകോടിരൂപയുടെ കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ വൻ ഹവാല ഇടപാടാണ് കേരള പോലീസ് കണ്ടെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെ ഒമ്പത് ജില്ലകളിലായി നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടി രൂപയുടെ കുഴൽപ്പണ ഇടപാട് നടന്നതായി അന്വേഷണസംഘം കോടതയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. 2021 ജൂലൈ 23 നാണ് അന്വേഷകസംഘം മേധാവി എസിപി വി കെ രാജു ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്കും റിപ്പോർട്ട് സമർപ്പിച്ചു. പണമിറക്കിയത് തെരഞ്ഞെടുടപ്പ് അട്ടിമറിക്കാനാണെന്ന് സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിനും റിപ്പോർട്ട് നൽകി.