എൻഡിഎയുമായി സഹകരിക്കാൻ സി.കെ.ജാനുവിന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ മൊഴി മാറ്റി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്നാണ് പ്രസീത പറയുന്നത്. ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം നൽകിയത്.
ജാനുവിനെ കാണാനായി സുരേന്ദ്രൻ ഹോട്ടൽ മുറിയിലെത്തി. ഈ സമയത്ത് റൂമിൽ നിന്ന് ഞങ്ങൾ പാർട്ടിയുടെ ആളുകൾ പുറത്തേക്ക് മാറി. സുരേന്ദ്രൻ തിരിച്ചുപോയ ശേഷം ഞങ്ങൾക്ക് അവിടെ ജാനു ഉപയോഗിച്ചിരുന്ന ടവ്വലിൽ പൊതിഞ്ഞ പണം കാണാനായി. പിന്നീട് അത് ബാഗിലാക്കിയെന്നും പ്രസീത പറഞ്ഞു. കെ.സുരേന്ദ്രൻ, സി.കെ.ജാനു, ജാനുവിന്റെ അസിസ്റ്റന്റ് വിനീത, പ്രശാന്ത് മലവയിൽ എന്നിവരുടെ ഫോണുകൾ കേസിൽ പ്രധാന തെളിവായിരുന്നു. ഇത് ഒരേ സമയം കേടായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രസീത പറഞ്ഞു.