ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശ വാസികൾ ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപൊളിക്കുകയും നിശ്ചിത അകലത്തിൽ മൂന്ന് ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാർത്ഥികൾ രംഗത്തെത്തി. അടുത്തിരിക്കാൻ വിലക്കേർപ്പെടുത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ വിദ്യാർഥികൾ പരസ്പരം മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. തിരുവനന്തപുരം സിഇടി കോളേജിന് സമീപത്താണ് സംഭവം നടന്നത്.
ജൂലൈ പത്തൊൻപതിനാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയതോടെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി.