മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വധശ്രമം നടത്തിയ യൂത്ത് കോൺഗ്രസ്സും അതിനെ ന്യായീകരിക്കുന്ന കോൺഗ്രസ്സും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാതിപത്യ സംവിധാനങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഒരു സംഘടയും ഇങ്ങനെ ഒരു ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 13-06-2022 ല്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രെമിച്ച സംഭവത്തിൽ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരോടോ, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി മുമ്പാകയോ തങ്ങളെ ആരെങ്കിലും അക്രമിച്ചതായി പരാതി പറഞ്ഞിട്ടില്ല.
എന്നാൽ തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനും, കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും വേണ്ടി പ്രതികള്‍ ദിവസങ്ങള്‍ക്കുശേഷം തങ്ങളെ ആക്രമിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പരാതി നല്കുകയാണുണ്ടായത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ വിമാനത്തിനകത്തുള്ള സംഭവമാകയാല്‍ സിവിൽ എവിയേഷൻ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഈ നിയമം അനുസരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഓടിയടുക്കുന്ന അക്രമികളെ സദുദ്ദേശ്യത്തോടെ തടഞ്ഞവര്‍ക്കെതിരായി യാതൊരുവിധ നിയമനടപടികളും നിലനില്‍ക്കുന്നതല്ല. ഇന്‍ഡിഗോ യാത്രാവിമാന കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്കുന്നതില് പരാജയപ്പെടുകയും, അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.