കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) യുടെ പ്രവർത്തനം ബിജെപിയെ അലോസരപ്പെടുത്തുവെന്ന് ഡോ. ടി എം തോമസ് ഐസക്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു തോമസ് ഐസക്. ബിജെപി സര്‍ക്കാര്‍ എല്ലാ ഏജൻസികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി..? ഇപ്പോൾ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസുണ്ടെങ്കിൽ അത് രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയിൽ തന്നെ നേരിടും. നോട്ടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതിൽ അപ്പോൾ തീരുമാനമെടുക്കാം.
കേരളത്തിൽ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സ്കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെ ഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു. എന്നിങ്ങനെ നടപ്പാക്കാൻ ബുന്ധിമുട്ടുള്ള കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ യാഥാർഥ്യമാകുന്നതെന്നും ഡോ. ടി എം തോമസ് ഐസക് വ്യക്തമാക്കി.