സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോ മീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിൻറെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിൻറെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തും. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിലാകും കേരളത്തിൻറെ നീക്കം. ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിക്കുന്നത്.
കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ സാധ്യതകളും പരിശോധിക്കണം. ഈക്കാര്യങ്ങളാകും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി എജി കെ ഗോപാലകൃഷ്ണകുറുപ്പ് ചർച്ച ചെയ്യുക. കേരളത്തിൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിനും വൻതോതിലുളള നിർമാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിർണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.