പാണ്ടനാട് പഞ്ചായത്ത് ഭരണവും നഷ്ടമായതോടെ ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്തിലും ബിജെപിക്ക് ഭരണമില്ലാതായി. പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ ഷൈലജ രഘുറാമിനെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് സിപിഐ(എം) അംഗം ജെയിൻ ജിനു ജേക്കബ് പരാജയപ്പെടുത്തിയത്. പാണ്ടനാട് പഞ്ചായത്തിലെ 12 അംഗ ഭരണസമിതിയിൽ ബിജെപി – 5, സിപിഐ (എം)- 5, കോൺഗ്രസ് -2 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്. നേതൃത്വത്തിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച് ബിജെപിയിലെ ആശ വി നായർ പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും ബിജെപിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രസിഡന്റ് സ്ഥാനം മാത്രമല്ല വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക് നഷ്ടമായിരുന്നു. വൈസ് പ്രസിഡന്റ് ടി സി സുരേന്ദ്രൻ നായർക്കെതിരെ സിപിഐ(എം) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് നഷ്ടമായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നെങ്കിലും നറുക്കെടുപ്പിലൂടെ സിപിഐ(എം) അംഗം മനോജ് കുമാർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന്റെ സ്വന്തം പഞ്ചായത്തിലാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഇത് ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.