ഒരു പ്രതിപക്ഷ നേതാവിൽ നിന്നും ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണങ്ങളല്ല സമൂഹം പ്രതീക്ഷിക്കുന്നതെന്ന് പി രാജീവ്. ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിനുള്ള പ്രതികരണം ഉണ്ടാവേണ്ട സാഹചര്യത്തിൽ വ്യക്തിപരമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ നേതാവ് നൽകുന്നത്. ഈ നിമിഷം വരെയും ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് നിഷേധിക്കുന്നില്ലെന്നു മാത്രമല്ല ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്ന പ്രവണതയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരികൊളുത്തിയിട്ടില്ല എന്ന് ഇതുവരെ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. അല്ലെങ്കിൽ ആ വേദിയിൽ വി എസ് ചെയ്തപോലൊരു പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിട്ടുകൊണ്ടായിരിക്കണം ഞാൻ നടത്തിയ പത്രസമ്മേളനത്തിനോടുള്ള പ്രകതികരണം.
എന്നാൽ അതിനോടൊന്നും പ്രതികരിക്കാതെ മന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടാണ് ഹിന്ദു ഐക്യവേദി നേതാവ് പത്രസമ്മേളനം വിളിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അത് തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. എന്റെ ഓഫീസിലോ, വീട്ടിലോ ആർ വി ബാബു വന്നുവെന്ന് തെളിയിക്കാനാകുമോ എന്നും മന്ത്രി ചോദിച്ചു. തൃശൂർ ആർഎസ്എസ് പരിപാടിയിലെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്തുവിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുകയാണ് സതീശൻ ചെയ്തത്. ഇതിൽ പ്രകോപിതനായാണ് ഇന്ന് സതീശൻ ഇത്തരം നിലവാരം കുറഞ്ഞ വെല്ലുവിളികൾ ഉയർത്തിയത്.