2021ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തുടർച്ച നേടിയതോടെ ഇടത് ഭരണം കേരളത്തിൽ തുടർച്ചയായ ആറ് വർഷം പിന്നിട്ടിരിക്കുന്നു. ഈ ഭരണംകൊണ്ട് കേരളത്തിനുണ്ടായ നേട്ടമെന്തെന്ന് ചോദിച്ചാൽ വികസനപ്രവർത്തനങ്ങളുടെ പട്ടിക നിരത്താനുണ്ടാകും . അത് പോലെ പ്രധാനമായ മറ്റൊന്ന് കൂടിയുണ്ട്. ഇടത് ഭരണകാലത്ത് ഘട്ടം ഘട്ടമായി ബിജെപിയെ കേരളം പടിക്കുപുറത്താക്കുന്നു എന്നതാണ് അത്. കേരളത്തിന്റ മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാകുന്ന ബിജെപി എന്ന ഭീഷണി ഇടതുപക്ഷം ഭരിക്കുമ്പോൾ നിലനിൽപ്പില്ലാതെ കഷ്ടപ്പെടുകയാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇടതുപക്ഷം അധികാരത്തിലേറിയ 2016 നിയമസഭാ തെരഞ്ഞെടുപ്പ് ,അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകൾ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇവയുടെ കണക്കുകൾ താരതമ്യം ചെയ്താൽ ഇടത് പക്ഷ ഭരണത്തിൽ ബിജെപിക്കുണ്ടായ ഇടർച്ച വ്യക്തമാകും. ആ കണക്കുകൾ ഓരോന്നും വിശദമായി ചർച്ചചെയ്യുകയാണ് ടി ട്വന്റി വൺ.
ഒരു തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് കിട്ടണമെങ്കിൽ എത്ര വോട്ട് വേണമെന്ന് അറിയാമോ.. ആകെ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ 16.66 ശതമാനം വോട്ടാണ് വേണ്ടത്. കേരളത്തിൽ ആ കെട്ടിവച്ച കാശ് തിരിച്ച്പിടിക്കാൻ പോലുമാകാത്ത ഒരു പാർട്ടിയാണ് ബിജെപി. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 2016ലാണ് ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ട് ലഭിച്ചത്. 2011 മുതലുള്ള യുഡിഎഫ് ഭരണമായിരുന്നു അതിന് വളമൊരുക്കിയത്. അങ്ങനെ 2016ൽ ബിജെപി 14.96 ശതമാനം വോട്ട് നേടി. എന്നാൽ അഞ്ച് വർഷത്തെ ഇടത് ഭരണത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപിക്ക് കിട്ടിയത് 12.36 ശതമാനം വോട്ട്. 2.60 ശതമാനം വോട്ട് കുറഞ്ഞു.
അഞ്ച് വർഷത്തെ ഇടത് ഭരണംമൂലം കെട്ടിവച്ച കാശിന് വേണ്ട 16 ശതമാനം വോട്ട് പോലും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ബിജെപി തകർന്നു. ഇത് 2016നും 2021നുമിടയിൽ കേരളത്തിൽ ഇടത് പക്ഷം ഭരിച്ചപ്പോൾ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയുടെ കൃത്യമായ സാക്ഷ്യപ്പെടുത്തലാണ്. ഇത് മാത്രമല്ല കേരളത്തിൽ ബിജെപി തകരുന്നവെന്നതിന്റെ സൂചന. 2016ന് ശേഷം ഇതുവരെ 9 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടുത്തെ കണക്കുകളും ബിജെപിയുടെ തകർച്ച വരച്ചുകാട്ടുന്നു. അതിനായി ഈ 9 നിയമസഭാ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ് കണക്കുകൾ നമുക്ക് പ്രത്യേകം പരിശോധിക്കാം.
2016 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2017ൽ വേങ്ങരയിലായിരുന്നു ആദ്യമായി നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2016ൽ ബിജെപിക്ക് ഈ മണ്ഡലത്തിലുണ്ടായിരുന്നത് 5.87 ശതമാനം വോട്ടുകളായിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇത് 4.67 ശതമാനമായും 2021ൽ 4.54 ശതമാനമായും കുറഞ്ഞു. ഒന്നര ശതമാനത്തോളം വോട്ടിന്റെ കുറവുണ്ടായി.
അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പ് ചെങ്ങന്നൂരിലായിരുന്നു. 2018ലെ ഈ ഉപതെരഞ്ഞെടുപ്പിൽ ഇടത്പക്ഷം ചരിത്രവിജയം നേടി. ഇവിടെ എങ്ങനെയായിരുന്നു ബിജെപി പ്രകടനമെന്ന് ഒന്ന് പരിശോധിക്കാം. 2016ൽ ബിജെപിക്ക് ഇവിടെ 29.33 ശതമാനം വോട്ടുണ്ടായിരുന്നു. 2018 ഉപതെരഞ്ഞെടുപ്പിൽ ഇത് ഇടിഞ്ഞ് 23.6 ശതമാനമായി. 2021ലാകട്ടെ 2018നേക്കാൾ 700 ഓളം വോട്ടുകൾ കുറവാണ് ലഭിച്ചത്. 2016ൽ നിന്ന് 2021ലേക്ക് എത്തിനിൽക്കുമ്പോൾ ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടായത് ആറ് ശതമാനം വോട്ടുകളുടെ ഇടിവ്.
2019ൽ ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ ബിജെപിയുടെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു. 2016ൽ ബിജെപി ഇവിടെ നേടിയത് 17.76 ശതമാനം വോട്ടുകൾ. ഉപതെരഞ്ഞെടുപ്പിൽ 14. 18 ശതമാനമായി ഇത് കുറഞ്ഞു. 2021 ഫലം വന്നപ്പോൾ അത് 7.85 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടായത് 10 ശതമാനത്തിലേറെ വോട്ടിന്റെ ഇടിവ്.
2019 ഒക്ടോബറിൽ ഉപതെരഞ്ഞടുപ്പ് നടന്നത് 5 മണ്ഡലങ്ങളിലായിരുന്നു. ഇതിൽ എറണാകുളം മണ്ഡലത്തിന്റെ കാര്യമെടുത്താൽ ബിജെപിക്ക് 2016നും 2021നുമിടയിൽ ഒരു ശതമാനത്തിന്റെ വോട്ട് വർധനവുണ്ടായതായി കാണാം. എന്നാൽ ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടുകളിൽ നേരിയ കുറവുണ്ടായി എന്നും കണക്കുകൾ പറയുന്നു..
കോന്നിയിൽ 2016ൽ ബിജെപിക്ക് കാര്യമായ വേരോട്ടം ഉണ്ടായിരുന്നില്ല. വെറും 11. 66 ശതമാനം മാത്രമായിരുന്നു അവരുടെ വോട്ട് വിഹിതം. എന്നാൽ ശബരിമല വിഷയത്തിലൂടെ കലാപന്തരീക്ഷം സൃഷ്ടിച്ച് 2019 ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം 28.65 ശതമാനമായി കുത്തനെ കൂട്ടി. പക്ഷേ 2021ൽ ഇടതുപക്ഷം ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചു. 2019ൽ ബിജെപി സംസ്ഥാന അധ്യക്ഷൻ 28. 65 ശതമാനം വോട്ട് നേടിയെങ്കിൽ 2021ൽ അതേ കെ സുരേന്ദ്രന്റെ വോട്ട് 21 .91 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
അരൂരിൽ എൻഡിഎയ്ക്ക് വേണ്ടി ബി ഡി ജെ എസ് ആയിരുന്നു മത്സരിക്കാറുള്ളത്. എന്നാൽ 2019 ഉപതെരഞ്ഞടെുപ്പിൽ അവിടെ ബിജെപി മത്സരിച്ചു. നേടാനായത് 10.54 ശതമാനം വോട്ട് മാത്രം. 2016ൽ ബി ഡി ജെ എസ് മത്സരിച്ചപ്പോൾ 17.14 ശതമാനം വോട്ടുകളുണ്ടായിരുന്നുവെന്ന് ഓർക്കണം. അതാണ് ബിജെപി മത്സരിച്ചപ്പോൾ ഇടിഞ്ഞത്. പിന്നീട് 2021ൽ ബി ഡി ജെ എസിന് ബിജെപിയേക്കാൾ വോട്ട് ശതമാനം അൽപ്പം കൂട്ടാനായി എന്നതും ബിജെപിക്ക് നാണക്കേണ്ടുണ്ടാക്കുന്ന മറ്റൊരു കണക്കാണ്.
ബിജെപി ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വട്ടിയൂർക്കാവിൽ 2016ൽ വോട്ട് ശതമാനം 32.1 ആയിരുന്നു. ഇത് 2021ൽ 28.77 ശതമാനമായി കുറഞ്ഞു. ഇതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 22.16 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2019 ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് വർധനയുണ്ടായി എന്നത് സത്യമാണ്. എന്നാൽ ആ വളർച്ച യുഡിഎഫിന്റെ തളർച്ചയുടെ ഫലമായി ഉണ്ടായതാണെന്നും കണക്കുകൾ പറയുന്നു. തളർച്ചയുടെ കണക്കുകൾക്കിടെ ബിജെപിക്ക് വളർച്ചയുടെ കണക്ക് പറയാനാവുക മഞ്ചേശ്വരത്താണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ മഞ്ചേശ്വരത്ത് 2016നേക്കാൾ വോട്ട് വിഹിതം 2021ൽ ബിജെപിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതും ഒന്നര ശതമാനത്തിൽ താഴെ മാത്രം.
ഏറ്റവും അവസാനം ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയുടെ കാര്യമെടുത്താലും ബിജെപിക്ക് തിരിച്ചടി തന്നെയാണ്. 2016ൽ 15.7 ശതമാനം വോ’ട്ട്. 2021ൽ 11.34 ശതമാനം വോട്ട് . ഇപ്പോൾ അത് 9.6 ശതമാനം. ഇങ്ങനെ കുറഞ്ഞ് കുറഞ്ഞ് വരുന്നു ഈ മണ്ഡലത്തിലും ബിജെപി. നേരത്തെ 2016ലെയും 2021ലെയും ബിജെപിയുടെ വോട്ട് വിഹിതത്തിലെ കുറവ് ചൂണ്ടിക്കാണിച്ചുവല്ലോ. ഇനി ഉപതെരഞ്ഞടുപ്പ് നടന്ന ഈ 9 മണ്ഡലങ്ങളിൽ 7 എണ്ണത്തിലും ബിജെപിക്ക് 2016നേക്കാൾ 2021ൽ വോട്ടുകൾ കുറഞ്ഞുവെന്ന് കാണാനാകും. ഇതിൽ തൃക്കാക്കര, വേങ്ങര, ചെങ്ങന്നൂർ, പാല എന്നിവിടങ്ങളിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും വോട്ടുകൾ കുറഞ്ഞുകുറഞ്ഞുവരുന്ന പാറ്റേൺ ആണ് കാണാനാവുക. എറണാകുളം ,കോന്നി ,ചെങ്ങന്നൂർ , അരൂർ എന്നീ മണ്ഡലങ്ങളിൽ 2019 ഉപതെരഞ്ഞെടുപ്പിനേക്കാൾ കുറവാണ് 2021ൽ ബിജെപിക്ക് ലഭിച്ച വോട്ടുകൾ. ഈ കണക്കുകളെല്ലാം ബിജെപി സംസ്ഥാനത്ത് തകരുകയാണെന്ന കൃത്യമായ സൂചന നൽകുമ്പോൾ അതിന്റെ ക്രഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ.
ഇടത് പക്ഷ ഭരണത്തിൽ ബിജെപി തളർന്നുവെന്നും യുഡിഎഫ് ഭരണത്തിൽ ബിജെപി വളരുകയാണുണ്ടായതെന്നും 2011,2016, 2021 തെരഞ്ഞെടുപ്പ് കണക്കുകളുടെ താരതമ്യം വ്യക്തമാക്കുന്നു. കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ അഭൂതപൂർവമായ വളർച്ച കോൺഗ്രസിന് ബിജെപിയെ തടയാനാകില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ത്രിപുരയിൽ ബിജെപി ഇടതുപക്ഷത്തെ തോൽപ്പിച്ചത് കോൺഗ്രസിനെ വിലക്കെടുത്തുകൊണ്ടായിരുന്നു. ഇടതുപക്ഷം ശക്തമായി നിന്നാൽ മാത്രമേ കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാനാകൂ എന്ന് മതേതര മനസുകൾ തിരിച്ചറിയണം. ഇടതുപക്ഷത്തിന്റെ തിരിച്ചടിയിൽ ആവേശം കൊള്ളുന്നവർ യുഡിഎഫിനേക്കാൾ ബിജെപിയായിരിക്കും. കാരണം അവർക്കറിയാം അവരുടെ വളർച്ചയ്ക്ക് തടസം ഇടതുപക്ഷമാണെന്ന്….