ജനരോഷം ശക്തമാവുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിരിക്കുകയാണ്. കേന്ദ്ര എക്സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയും വീതമാണ് സര്‍ക്കാര്‍ ലിറ്ററിന് കുറച്ചിരിക്കുന്നത്. ഇന്ധനവിലവര്‍ധനമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. മഹത്തായ എന്തോ ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പി ആര്‍ പ്രചരണം. എന്നാല്‍ ഇന്ധന നികുതി കൂട്ടി കൂട്ടി ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഖജനാവ് വീര്‍പ്പിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നികുതി കുറവ് വരുത്തിയതെന്ന് നമ്മള്‍ മനസിലാക്കണം. 2014 മുതല്‍ 2022 വരെയുള്ള കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള എങ്ങനെയായിരുന്നുവെന്ന് നോക്കാം…
2014 മെയ് മാസം ബിജെപി കേന്ദ്ര ഭരണത്തില്‍ എത്തും മുന്‍പ് പെട്രോളിന്റ എക്‌സൈസ് നികുതി 9 രൂപ 48 പൈസയായിരുന്നു. പിന്നീടുള്ള ഈ എട്ട് വര്‍ഷക്കാലം എക്‌സൈസ് നികുതി കൂട്ടി നികുതിക്കൊള്ളയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. 2021 നവംബര്‍ ആവുമ്പോഴേക്കും പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ച് വര്‍ധിപ്പിച്ച് 32 രൂപ 90 പൈസയാക്കി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ നികുതി വര്‍ധന അധികവും കേന്ദ്രം നടപ്പിലാക്കിയത് കൊവിഡ് കാലത്താണ് എന്നതും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിയുടെ ആഴം വെളിവാക്കുന്നു. പിന്നീട് 2021 നവംബറില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്രോളിന്റെ എക്‌സൈസ് നികുതി 5 രൂപ കുറച്ച് 27 രൂപ 90 പൈസയാക്കി. അതിന് ശേഷവും പെട്രോള്‍ വില കുതിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഈ വില വര്‍ധന മൂലം രാജ്യത്ത് വിലക്കയറ്റവും രൂക്ഷമായി. 2014 ന് ശേഷം ഏറ്റവും കൂടുതല്‍ വിലക്കയറ്റമുണ്ടായത് കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു . അങ്ങനെ പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കുറയ്ക്കാന്‍ വീണ്ടും നിര്‍ബന്ധിതമായത്. 8 രൂപ കൂടി നികുതി കുറച്ചതോടെ ഇപ്പോള്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 19 രൂപ 90 പൈസയാണ്.
ഇനി ഡീസലിന്റെ കാര്യം പരിശോധിക്കാം. 2014 മെയ് മാസത്തിന് മൂന്‍പ്, അതായത് ബിജെപി അധികാരത്തില്‍ വരും മുന്‍പ് ഡീസലിന്റെ എക്‌സൈസ് നികുതി 3 രൂപ 56 പൈസ മാത്രമായിരുന്നു. ഡീസലിന്റെ എക്‌സൈസ് തീരുവ പെട്രോളിനേക്കാള്‍ വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 8 വര്‍ഷങ്ങള്‍ കൊണ്ട് ചെയ്തത്. 28 രൂപ 24 പൈസയാണ് വര്‍ധിപ്പിച്ചത്. അങ്ങനെ 2021 നവംബറിന് മുന്‍പ് ഡീസലിന്റെ എക്‌സൈസ് നികുതി 31 രൂപ 80 പൈസ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. നവംബറില്‍ 10 രൂപ കുറച്ച് അത് 21 രൂപ 80 പൈസയാക്കി. ഇപ്പോള്‍ ആറ് രൂപ കൂടി കുറച്ചോടെ നിലവില്‍ ഡീസലിന്റെ എക്‌സൈസ് നികുതി 15 രൂപ 80 പൈസയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ 2014ല്‍ 9 രൂപ 48 പൈസയുണ്ടായിരുന്ന പെട്രോളിന്റെ എക്‌സൈസ് തീരുവ എട്ട് വര്‍ഷത്തിനിപ്പുറം 10 രൂപ 42 പൈസ കൂടിയിരിക്കുന്നു. ഡീസലിന്റെ എക്‌സൈസ് തീരുവയാകട്ടെ 12രൂപ 24 പൈസയും. അത് കൊണ്ടാണ് പറയുന്നത് കുറഞ്ഞത് കൂട്ടിയതിന്റെ ഒരംശം മാത്രമാണെന്ന്