സൈബർ നിരീക്ഷണ നടപടിയെ ചൈന “ശക്തമായി അപലപിച്ചു”, ഇത് സൈബർ സുരക്ഷ ഭീഷണിയുടെ ഭാഗമായി എല്ലാ രാജ്യങ്ങൾക്കും ഒരു പൊതു വെല്ലുവിളിയാണെന്നും ചൈന. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ വിമതർ എന്നിവരുമായി ചാരപ്പണി നടത്താൻ ഇസ്രായേൽ ആസ്ഥാനമായുള്ള എൻഎസ്‌ഒ ഗ്രൂപ്പിൽ നിന്നുള്ള പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന ആഗോള മാധ്യമ കൺസോർഷ്യത്തിന്റെ അന്വേഷണ റിപ്പോർട്ടുകളോട് പ്രതികരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.
”ഇത് ശരിയാണെങ്കിൽ, ചൈന ശക്തമായ അപലപനം പുറപ്പെടുവിക്കുന്നുവെന്ന്,” പെഗാസസ് സ്പൈവെയർ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ ഷാവോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ രാജ്യങ്ങളും തമ്മിൽ പരസ്പര ബഹുമാനം, സമത്വം, പരസ്പര ആനുകൂല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും ഇത്തരം ഭീഷണികളോട് രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ നിന്നുള്ള സൈബർ സുരക്ഷ ഭീഷണികൾ ഉന്നയിക്കുമ്പോഴെല്ലാം, യുഎസ് വസ്തുതകളെക്കുറിച്ച് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെട്ടിച്ചമച്ച പേരുകളുമായി ചൈനയെ മർദ്ദിക്കുന്നതിൽ യുഎസ് സഖ്യകക്ഷികളുമായി കൂട്ടുകൂടുന്നു. സൈബർ ആക്രമണങ്ങളിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ളതാണെന്നും ഷാവോ ലിജിയാൻ ആഞ്ഞടിച്ചു.
ചൈന ആഗോള ഹാക്കിംഗ് പ്രചാരണം നടത്തിയെന്ന യുഎസിന്റെയും നാറ്റോയുടെയും ആരോപണങ്ങൾ തിങ്കളാഴ്ച ഷാവോ തള്ളിക്കളഞ്ഞു. “യുഎസിന്റെ പ്രോത്സാഹനം കാരണം നാറ്റോ സൈബർ സ്പേസ് പുതിയ യുദ്ധക്കളമാക്കി മാറ്റി”, ഇത് സൈബർ ആയുധ മത്സരത്തിന് വഴിയൊരുക്കുന്നുവെന്നും ഷാവോ വ്യക്തമാക്കി.