ഒടുവിൽ നരേന്ദ്ര മോഡി സർക്കാർ മുട്ടുമടക്കി. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സർക്കാരുകളിൽ നിന്നുള്ള സംയുക്ത നീക്കം മുന്നിൽ കണ്ടും സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്‌ചാത്തലത്തിലും വാക്‌സിൻ നയത്തിൽ അടിമുടി മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുന്നു.
രാജ്യം കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ വക്കിലെത്തി നിൽക്കുമ്പോളും കോർപ്പറേറ്റുകളെ സുഖിപ്പിക്കാൻ ജനദ്രോഹ വാക്സിൻ നയമാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ഇതിനെതിരെ സുപ്രീംകോടതി രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയിരുന്നത്. ജനങ്ങളുടെ താൽപര്യത്തെ ക്രൂരമായി അവഗണിച്ച കേന്ദ്രസർക്കാരിനെ ചരിത്രത്തിലിന്നോളം ഇല്ലാത്ത രൂക്ഷതയോടെയാണ് കോടതി കടന്നാക്രമിച്ചത്. ഒപ്പം വാക്‌സിൻ വില കൊടുത്തു വാങ്ങണമെന്ന നയത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മർദ്ദം ഉയർത്തിയതോടെ മുന്നിൽ ഗത്യന്തരമില്ലാതെയാണ് നരേന്ദ്രമോദിക്ക് അടിയറവ് പറയേണ്ടി വന്നു.
ജൂൺ 21 മുതൽ രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. സ്വകാര്യകമ്പനികൾക്ക് കൊള്ളലാഭം നൽകാനുള്ള തീരുമാനത്തെയാണ് സുപ്രീംകോടതി രൂക്ഷമായി വിമർശച്ചത്. അതോടൊപ്പം കേരളത്തിന്റെ നേതൃത്വത്തിൽ ബിജെപിയിതര സംസ്ഥാനങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലായി കേന്ദ്രസർക്കാർ. പോരാത്തതിന് അന്താരാഷ്ട്രമാധ്യമങ്ങൾ വരെ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തുവന്നു. ഇതോടെ സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി.
വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിച്ചെങ്കിൽ പിന്നെ കേന്ദ്രബജറ്റിൽ വകയിരുത്തിയ തുക എന്ത് ചെയ്‌തെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ബജറ്റിൽ വാക്‌സിനേഷനു 35,000 കോടി രൂപയാണ് വകയിരുത്തിയത്. കുത്തക കമ്പനികൾക്ക് അധികാരം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയുടെ ഒറ്റ ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ വാക്സിൻ സൗജന്യമാക്കാൻ കേന്ദ്രം തീരുമാനമെടുത്തതിൽ കേരളത്തിന് സുപ്രധാന പങ്കുണ്ട്. കേന്ദ്രനയത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്ന് ബിജെപിയിതര മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു. മിക്ക സംസ്ഥാനങ്ങളും ഇതിനോട് യോജിച്ചു. വാക്‌സിൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരവധി തവണ പ്രധാനമന്ത്രിക്കും കത്തയച്ചു. കോവിഡ് കൈകാര്യം ചെയ്‌തതിൽ ബിജെപി സർക്കാരുകൾക്ക് സംഭവിച്ച വീഴ്‌ചകൾ ആർഎസ്‌എസിന്റെ പരസ്യവിമർശത്തിനും ഇടയാക്കി.
സൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യമാവശ്യപ്പെട്ട രാഷ്ട്രീയ പാർടി സിപിഐഎം ആയിരുന്നു. സൗജന്യ വാക്സിനേഷനായി കോടതിയിൽ പോയ ആദ്യ വിദ്യാർഥി സംഘടന എസ് എഫ് ഐയും. കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ഏക സംസ്ഥാനം കേരളമായിരുന്നു. വാക്‌സിൻ സൗജന്യമായി നൽകുമെന്നും രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചതും കേരളം തന്നെ. 1000 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ച് ജനം ആവേശപൂർവം ഏറ്റെടുത്തു. സൗജന്യവാക്‌സിൻ ആവശ്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ കേരളമെമ്പാടും ഉയർത്തിയ പ്രക്ഷോഭവും ദേശീയതലത്തിൽ ശ്രദ്ധനേടി. അതോടൊപ്പം തന്നെ വാക്സിൻ സൗജന്യമായി കിട്ടാൻ നിരന്തരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. ഒപ്പം അതിനായി കാത്തുനിൽക്കാതെ വാക്‌സിൻ വിലയ്‌ക്ക് വാങ്ങുകയും ചെയ്‌തു.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് പലവട്ടം ഇരയാവേണ്ടി വന്ന സംസ്ഥാനമാണ് കേരളം. എന്നാലും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ സംസ്ഥാനസർക്കാർ തയ്യാറായില്ല. സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് ജനങ്ങളെ സംരക്ഷിച്ചു. ആ ബോധ്യത്തിന്റെ കൂടി ഫലമായിരുന്നു ചരിത്രത്തിലാദ്യമായുണ്ടായ തുടർഭരണവും. ജനിവിധി തെറ്റായിരുന്നില്ല എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേറെന്ത് വേണം? കേരളം ഇന്ന് ചിന്തിക്കുന്നത് രാജ്യം നാളെ ചിന്തിക്കുമെന്ന് ഒരിക്കൽ കൂടി വ്യക്തമായില്ലേ. അതെ കനൽ ഒരു തരി മതി.