കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം ആളിക്കത്തി. കേന്ദ്രനിർദേശപ്രകാരം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ കറുത്തകൊടിയും പ്ലക്കാർഡുമുയർത്തി വീടിനുമുന്നിൽ 12 മണിക്കൂർ നിരാഹാരം കിടന്നാണ് അവർ ചെറുത്ത് നിൽപ്പ് പ്രകടമാക്കിയത്. അഡ്മിനിസ്ട്രേറ്ററെ മടക്കിവിളിക്കുക, സ്വേച്ഛാധിപത്യം തുലയട്ടെ, പരിഷ്കാരങ്ങൾ പിൻവലിക്കുക, കലക്ടർ ഗോബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ദ്വീപ്ജനതയുടെ ശക്തിയും ഒരുമയും അവർ തെളിയിച്ചു. ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി അണിനിരന്ന ആദ്യ പ്രക്ഷോഭം എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘സേവ് ലക്ഷദ്വീപ് ഫോറ’ത്തിന്റെ നേതൃത്വത്തിലായിരുന്നു 12 മണിക്കൂർ നീണ്ട ഈ ഐതിഹാസികസമരം. 70,000 ദ്വീപുനിവാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി. മെഡിക്കൽ സർവീസ് ഒഴികെ മറ്റെല്ലാം അടച്ചിട്ടു. സ്വച്ഛ് ലക്ഷദ്വീപ് എന്നപേരിൽ പുറത്തിറക്കിയ പരിഷ്കാരങ്ങളെ വലിച്ചെറിയുന്ന കാഴ്ചയും സമരത്തിൽ ദൃശ്യമായി. കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ടു. വാഹനങ്ങൾ നിരത്തിൽ ഇറക്കിയില്ല. സർക്കാർ സർവീസുകൾ പൂർണമായി നിസ്സഹകരിച്ചു. മത്സ്യബന്ധനയാനങ്ങൾ ഇറക്കിയില്ല. കപ്പൽത്തൊഴിലാളികളും പണിമുടക്കി.