സംസ്ഥാനത്ത് ഇന്ധനവില നൂറിലെത്തി. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി.
സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസലിന് ലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോളും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന നയമാണ് കേന്ദ്രം കൈക്കൊള്ളുന്നത്.