നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറ കണ്ണനല്ലൂരിൽ ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ് സ്വന്തം കാറിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കാൻ വേണ്ടി ഇഎംസിസി ഡയറക്ടർ ഷിജു വർഗീസും കോൺഗ്രസും ചേർന്ന് നടത്തിയ ഒത്തുകളിയുടെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു എന്നാണ് സൂചന. ബോംബേറ് ആസൂത്രിതമായിരുന്നതിന് മതിയായ തെളിവുകൾ അന്വേഷകസംഘത്തിന് ലഭിച്ചുകഴിഞ്ഞു. ഷിജു എം വർഗീസ് തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഇയാൾ ഇതിനായി സ്റ്റേഷനിലെത്തിയ ഉടൻ എൻ കെ പ്രേമചന്ദ്രൻ എംപിയും കുണ്ടറ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച പിസി വിഷ്‌ണുനാഥും എൽഡിഎഫിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ചാനലുകളിൽ ലൈവായിരുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു ഇവരുടെ പ്രതികരണം. എഫ്എആർ രജിസ്‌റ്റർ ചെയ്യുംമുൻപ് ഇവർ പൊലീസിൽ ഇടപെട്ടതായും ആരോപണമുയർന്നിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിന് ഒടുവിൽ വാദി പ്രതിയാകുന്ന അപൂ്ർവതയ്‌ക്ക് പെട്രോൾ ബോംബേറ് കേസ് സാഷ്യം വഹിച്ചു. ഡിഎസ്‌ജെപി സ്ഥാനാർത്ഥിയായാണ് ഷിജു മത്സരിച്ചത്.
കേസുമായി ബമന്ധപ്പെട്ട് മാധ്യമങ്ങൾക്കും പൊലീസിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു എന്നതാണ് പുതിയ വിവരം. തന്നെ ചൊദ്യംചെയ്യുന്നതിന്റെ വിശദാംശങ്ങൾ പൊലീസ് മാധ്യമങ്ങൾക്കു നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. അരൂർ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർടി സ്ഥാനാർഥിയും നടിയുമായ പ്രിയങ്കയെയും കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്‌തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ചെലവ് നൽകിയത് വിവാദവ്യവസായി ദല്ലാൾ എന്ന നന്ദകുമാറാണെന്ന് പ്രിയങ്ക മൊഴി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് നന്ദകുമാറാണെന്നും ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നും പ്രിയങ്കയുടെ മൊഴിയിലുണ്ട്.. കേസിൽ ഉറപ്പായും കുടുങ്ങുമെന്നായപ്പോളാണ് നന്ദകുമാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവർക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചത്. ഷിജു വർഗീസിന്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നിൽ ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിന്റെയും സഹായി ശ്രീകാന്ത്, കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്.
കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ പി സി വിഷ്‌ണുനാഥിന്റെ കൂടി അറിവോടെയായിരുന്നു ഈ ഓപ്പറേഷൻ എന്നുവേണം മനസ്സിലാക്കാൻ. മെഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ പതിനെട്ടടവും പയറ്റാൻ വിഷ്‌ണുനാഥ് ഒരുക്കമായിരുന്നു. ബിജെപിയുടെ വോട്ട് ഒരുളുപ്പുമില്ലാതെ കച്ചവടം ചെയ്‌തതിനൊപ്പം ഷിജുവർഗീസ് ഉൾപ്പെട്ട ഒരു മാഫിയുമായും ഗൂഢാലോചന നടത്തി എന്നതിന്റെ വിവരങ്ങളും പുറത്തുവരാൻ പോകുകയാണ്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി ഒരേ സമയം ബിജെപിയുമായും യുഡിഎഫുമായും ഒത്തുകളിച്ചിരുന്നു എന്നകാര്യവും വ്യക്തമാകുകയാണ്. ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയപ്പോൾ ബിജെപി അവരുടെ വോട്ട് പൂർണമായും നൽകിയത് ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടിക്കായിരുന്നു. വരുംദിവസങ്ങളിൽ ഷിജുവും കോൺഗ്രസും നടത്തിയ ഗൂഢാലോചനയുടെ ചുരുളഴിയും എന്നുറപ്പാണ്.