ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ബിജെപി ദേശീയ സമിതിയംഗം സി കെ പത്മനാഭന്റെ ഇന്നത്തെ പ്രതികരണമാണ്. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലും കള്ളപ്പണക്കടത്തിലും പല ബിജെപിക്കാരും മിണ്ടാതിരിക്കുകയാണ്. കൂടുതൽ പേർ മിണ്ടും മുമ്പ് നാക്കിന് വിലങ്ങിടാൻ നാളെ ബിജെപി അടിയന്തര കോർ കമ്മിറ്റി ചേരുന്നു, കൊച്ചിയിൽ. ഈ യോഗം കേന്ദ്ര നിർദേശ പ്രകാരമാണ്, നേതാക്കൾ നേരിട്ട് വന്നേ തീരൂ എന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. യോഗത്തിന്റെ റിസൽട് ബിജെപിക്കാർക്ക് പോസിറ്റീവ് ആകുമോ അതോ ഇടിവെട്ടിയവനെ പാമ്പും കടിച്ച് മിന്നലും അടിക്കുന്ന സ്ഥിതിയാകുമോന്ന് നാളെ പറയാം.
കുഴൽ പണക്കടത്തിന്റെ അന്വേഷണത്തിൽ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പുലർത്തുന്ന ജാഗ്രത മലയാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. രാഷ്ട്രീയമായി വേട്ടായാടുന്നു എന്ന കരച്ചിലുമായി സുരേന്ദ്രനും സംഘവും ഇറങ്ങാതിരിക്കാൻ കള്ളപ്പണക്കടത്തിന്റെ ഓരോ തുമ്പും തരിയും ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ് പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ ധർമരാജന്റെ ഫോൺ കോളുകളും മൊഴികളും സസൂക്ഷ്മം പിന്തുടർന്ന പൊലീസ്, കോന്നിയിലെത്തിക്കാനുള്ള പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്ന നിഗമനത്തിലെത്തി. തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രനും സംഘവും കോന്നിയിൽ തങ്ങിയ ഇടങ്ങളിലും അന്വേഷണസംഘം ഇതിനോടകം എത്തിയിട്ടുണ്ട്. കെ സുരേന്ദ്രൻ കോന്നിയിൽ നടത്തിയ പല പണമിടപാടുകളുടെയും തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കുഴൽപണം കേരളത്തിൽ കൊണ്ടുവരികയും പണം കവർച്ച ചെയ്തതായി പരാതി നൽകുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ധർമരാജന്റെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനിനെ അന്വേഷണസംഘം ഇന്ന് 3 മണിക്കൂറോളം ചോദ്യം ചെയ്തു. സുരേന്ദ്രന്റെ ഡ്രൈവർ ലബീഷിനെയും അന്വേഷണ സംഘം വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ഈ സംഭവ വികാസങ്ങൾക്കിടയിലാണ് കെ സുന്ദര, കോന്നിയിലെ ബിഎസ്പി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ വലിയ മനസ്സിനെകുറിച്ച് അടുത്ത വെളിപ്പെടുത്തൽ നടത്തുന്നത്.10 ലക്ഷത്തിന്റെ ഒരു വെളിപ്പെടുത്തൽ കേരളത്തിലുണ്ടാക്കിയ ഞെട്ടൽ മാറുംമുമ്പ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ 2 ലക്ഷം രൂപ തന്റെ വീട്ടിലെത്തിച്ചതായി കെ സുന്ദര തുറന്നു പറഞ്ഞു. ഒരു മൊബൈൽ ഫോണും ഈ വകയിൽ കിട്ടി.
പോരാതെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ ഒരു വൈൻ ഷോപ്പും പുതിയൊരു വീടും കെ സുന്ദരയ്ക്ക് ഓഫർ ഉണ്ടായിരുന്നു .
കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രകളെ സംബന്ധിച്ച് കൂടുതൽ കൂടുതൽ ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നുയർന്നുവരുന്നു .എന്നാൽ ഈ യാത്രകളുടെ ലക്ഷ്യത്തെ സംബന്ധിച്ച് വലിയ ദുരൂഹതകൾ പുറത്തുവിടുന്നത് ബിജെപിയുടെ പ്രധാന കേന്ദ്രങ്ങൾ തന്നെയാണ് . ഹെലികോപ്റ്റർ യാത്രകൾ നടത്താനുള്ള പണം എവിടെനിന്ന്. എന്തായിരുന്നു ആകാശ യാത്രകൾ കൊണ്ട് സുരേന്ദ്രൻ ലക്ഷ്യ.മിട്ടിരുന്നത് തുടങ്ങീ കാര്യങ്ങളെക്കുറിച്ചുകൂടി സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അഴിമതിക്കും അനീതിക്കുമെതിരെ. രാഷ്ട്രീയക്കച്ചവടങ്ങൾക്കെതിരെ മലയാള സിനിമയിൽ കത്തിക്കയറിയ സുരേഷ് ഗോപി കുഴൽപണക്കടത്തിന്റെ പങ്കാളിയാണെന്ന നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. തൃശ്ശൂരിൽ ജയിച്ചാൽ ശക്തൻ തമ്പുരാൻ സ്റ്റാൻഡ് മാറ്റി മറിച്ചിരിക്കുമെന്ന സുരേഷ്ലഗോപിയുടെ പ്രഖ്യാപനവും അളവില്ലാതെ കേരളത്തിലെത്തിയ കുഴൽപ്പണത്തിൽ കണ്ണുവച്ചായിരുന്നോ എന്നും നാട്ടുകാർക്കറിയാനുണ്ട്.
പണം കടത്തിയ ആർഎസ്എസുകാരൻ ധർമരാജൻ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസിൽ മണിക്കൂറുകളോളം ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു . മാത്രമല്ല പല മൊഴികളിലും സുരേഷ് ഗോപിയിലേക്ക് നീളുന്ന സൂചനകളുമുണ്ടായിരുന്നു . തൃശ്ശൂർ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങളും സുരേഷ് ഗോപിയിലെക്ക് വിരൽ ചൂണ്ടുന്നതായിരുന്നു .
കള്ളപ്പണക്കടത്തുകേസിൽ നിശ്ചലമായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിൽ നിന്ന് വിവരങ്ങളെല്ലാം ശേഖരിച്ച് പോയിട്ടുണ്ട്. കേസ് എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ലെന്ന ഹർജി ഹൈക്കോടതിയിലിരിക്കയാണ് .. കോടതി ചോദിക്കുമ്പോൾ എന്തു പറയണം എന്നു പഠിക്കാനാണ് ഇഡിയുടെ തത്രപ്പാട്.
മുഴുവൻ മലയാളികൾക്കും അറിയേണ്ടത് , കേരള പൊലീസിന്റെ പ്രത്യേക ടീം അന്വേഷിക്കുന്ന കുഴൽപണക്കടത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്തുവരുമോ എന്നതാണ്, ബിജെപി എന്ന പാർടി കേരള മനസിന്റെ ചവറ്റുകുട്ടയിലേക്ക് പോകുമോ എന്നതാണ്, കള്ളപ്പണക്കടത്തിനും ജനാധിപത്യം അട്ടിമറിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തിയ കെ സുരേന്ദ്രന് പിടിവീഴുമോ എന്നതാണ്. അന്വേഷണസംഘം സുരേന്ദ്രന്റെ സെക്രട്ടറി വരെ എത്തിയത് പടിപ്പടിയായിട്ടാണ്. ആവേശം കാണിച്ചല്ല. പരമാവധി തെളിവുകൾ ശാസ്ത്രീയമായി ശേഖരിച്ച് സാവധാനമുള്ള അന്വേഷണത്തിന്റെ മുന്നോട്ട് പോക്ക്, കൊള്ളക്കാരിൽ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്നത് മലയാളികൾക്ക് ഓർത്ത് ഓർത്ത് ചിരിക്കാൻ വക നൽകുന്ന ഒന്നേ ആകൂ. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിൽ തന്നെയാണ് വിശ്വാസം