ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് പങ്കുള്ള കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തകൃതിയായി മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും വരുന്ന വാർത്തകൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തനിനിറം പുറത്തുകാണിക്കുന്ന തരത്തിലാണ്. കള്ളപ്പണം, കുഴൽപ്പണം, ഗുണ്ടാപ്രവർത്തനം, സ്വർണ്ണക്കടത്ത് അങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അധോലോകമാണ് ഭാരതീയ ജനതാ പാർട്ടി എന്ന് ബോധ്യമാവുകയാണ്. ബിജെപിയിലെ പ്രമുഖ നേതാക്കന്മാരെയാണ് ഓരോ ദിവസവും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേരളത്തിൽ ഭരണം പിടിക്കും എന്ന് പറഞ്ഞ് കേന്ദ്രനേതൃത്വത്തെ പറ്റിച്ച് 400 കോടിയലധികം രൂപയാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കൈക്കലാക്കിയത്.. അതിൽ വെറും 156 കോടി മാത്രമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ചെലവഴിച്ചിരിക്കുന്നത്. ബാക്കി കിട്ടിയ പണവും ബിജെപി കേരളത്തിൽ പിരിച്ച തുകയുമടക്കം വലിയൊരു തുകയാണ് നേതാക്കന്മാർ പുട്ടടിച്ചത്. കൊടകരയിലെ കവർച്ച അതിന്റെ ബാക്കി പത്രമാണ്.
ഇതിനോടകം ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസ് സെക്രട്ടറിയടക്കം പ്രമുഖരായ പലരെയും ചോദ്യം ചെയ്തുകഴിഞ്ഞു. കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ഉൾപ്പെടെയാണ് ചോദ്യം ചെയ്യുന്നത്. എന്നിട്ടും കേസിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറയുന്ന കെ സുരേന്ദ്രന്റെ വാദം വളരെ വിചിത്രമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹെലികോപ്ടറിൽ പറന്ന നടന്ന സുരേന്ദ്രൻ കുഴൽപ്പണം കടത്തുകയായിരുന്നോ എന്നും സംശയമുണ്ട്. സുരേന്ദ്രനുമായി ചേർന്നുനിൽക്കുന്ന നേതാക്കളൊഴികെ മറ്റാർക്കും കാര്യമായി പണം നൽകാത്തതിൽ ബിജെപിയിൽ അടി മൂർഛിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രൻ, എംടി രമേശടക്കമുള്ളവർക്ക് ആവശ്യപ്പെട്ട പണം സുരേന്ദ്രൻ നൽകിയില്ല. എന്നാൽ അതേ സമയം സികെ ജാനുവിന് 10 ലക്ഷം രൂപ സുരേന്ദ്രൻ നൽകുകയും ചെയ്തു. ജെ.ആർ.പി. ട്രഷറർ പ്രസീതയാണ് ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ എത്ര നാണംകെട്ടാലും ന്യായീകരിക്കാനും തള്ളിപ്പറയാനുമുള്ള സുരേന്ദ്രന്റെ തൊലിക്കട്ടി നമുക്ക് നേരത്തെ അറിയാമല്ലോ.? അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ സുരേന്ദ്രനെയും പ്രമുഖ കേന്ദ്രമന്ത്രിയെയും വരെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
സ്വർണ്ണക്കടത്ത് കേസിലും ബിജെപി നേതാക്കന്മാരുടെ, പ്രത്യേകിച്ച് കേന്ദ്രസഹമന്ത്രിയുടെ പങ്ക് സംബന്ധിച്ച് സൂചനകൾ പുറത്തുവന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ കാര്യമായ അന്വഷേണം നടത്തിയില്ല. കസ്‌റ്റംസ് പ്രതിചേർത്ത യുഎഇ കോൺസുലേറ്റിലെ കൊൺസൽ ജനറലിനും അറ്റാഷെക്കും രാജ്യം വിടാൻ അവസരമൊരുക്കിയത് വി മുരളീധരന്റെ ഇടപെടലുകളാണെന്നുള്ള വിവരം പുറത്തുവരുന്നുണ്ട്. കേസിൽ ജനംടിവി മേധാവി അനിൽ നമ്പ്യാരുടെ പങ്ക് പുറത്തുവരാൻ തുടങ്ങിയ ഘട്ടത്തിൽ കേസന്വേഷണം ദിശമാറ്റി വിടുകയായിരുന്നു കേന്ദ്രഏജൻസികൾ.
ഇല്ലാത്ത കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മന്ത്രിമാരെയും സ്പീക്കറെയുമെല്ലാം അജണ്ട വെച്ച് അപമാനിക്കാൻ തയ്യാറായ ഇഡിയുടെ അന്നത്തെ ആവേശമൊന്നും ബിജെപി നേതാക്കൾക്കെതിരെയുള്ള ഇത്രയും വലിയ കുഴൽപ്പണക്കേസിൽ കാണുന്നില്ല എന്നതിൽ നിന്നുതന്നെ ഉപ്പുതിന്നവർ ആരാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.