ബിജെപി കേരളം മുഴുവൻ ഒഴുക്കിയ കോടിക്കണക്കിന് കുഴൽപ്പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. 400 കോടിയലധികം വരുന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പങ്കുവെക്കാനുള്ളത്. സുൽത്താൻബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴൽപ്പണമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടെന്നും എന്നാൽ സുരേന്ദ്രൻ അത് അംഗീകരിച്ചില്ലെന്നും, അവസാനം 10 ലക്ഷം രൂപ കൊടുത്ത് ഒതുക്കിയെന്നുമാണ് വിവരം. ജെ.ആർ.പി. ട്രഷറർ പ്രസീതയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തുവെച്ചാണ് സുരേന്ദ്രൻ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം ബി.ജെ.പി. നേതൃത്വത്തിലേക്ക് തിരിയുന്നതിനിടെയാണ് പ്രധാനപ്പെട്ട വിവങ്ങൾ പുറത്തു വരുന്നത്. പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നതുമായുള്ള ഫോൺ സംഭാഷണം മാതൃഭൂമിയാണ് പുറത്തുവിട്ടത്. മുമ്പ് ബിജെപിയുടെ പേര് പറയാതെ ദേശീയ പാർട്ടിയെന്ന് മാത്രം പറഞ്ഞിരുന്ന മാതൃഭൂമിയടക്കമുള്ളവർ ഇപ്പോൾ ബിജെപിക്കെതിരെ ഓരോ തെളിവുകളും പുറത്തു വിടുന്നതിന് പിന്നിലെ കാരണവും നമ്മൾ ചർച്ച ചെയ്തതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വാഗ്ദാനം ചെയ്ത ഫണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞും കിട്ടാത്തതിനാലാണ് ബിജെപിക്കെതിരെയുള്ള മുക്കിവെച്ച തെളിവുകൾ ഓരോന്നായി ഇപ്പോൾ മാധ്യമങ്ങൾ പുറത്തു വിടുന്നതും ഒന്നാം പേജിലടക്കം അച്ചു നിരത്തുന്നതും.
അതെന്തുതന്നെയായാലും കാര്യങ്ങളൊന്നും ഇപ്പോൾ ബിജെപിക്ക് സുഖിക്കുന്ന തരത്തിലല്ല മുന്നോട്ട് പോകുന്നത്. കാസർകോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തിൽനിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കൾതന്നെ ആദ്യം ആരോപണമുന്നയിച്ചത്. കൊടകരയിൽ കവർച്ചയ്ക്കിരയായ കുഴൽപ്പണത്തിന്റെ സ്രോതസ്സും കാസർകോടാണെന്നാണ് സൂചന.
കൂടാതെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ഇതിനോടകം കേരളത്തിലെ പ്രമുഖരായ നിരവധി ബിജെപി നേതാക്കന്മാരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വരുംദിവസങ്ങളിൽ ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾ. കേന്ദ്രത്തിൽ നിന്ന് കിട്ടിയ 400 കോടിയും കേരളത്തിൽ പിരിച്ച കണക്കിലാത്ത പണവും എല്ലാംകൂടി ചേർത്ത് 500 കോടി അടുത്ത് പണമാണ് ബിജെപി നേതാക്കന്മാർക്ക് കേരളത്തിൽ കിട്ടിയത്. അതിൽ 154 കോടി മാത്രമാണ് തെരഞ്ഞെടുപ്പിൽ ചിലവാക്കിയത് എന്നാണ് വിവരം. അങ്ങനെയെങ്കിൽ ബാക്കി പണം ആരൊക്കെ മുക്കി, ആരൊക്കെ നക്കി എന്നത് വരുംദിവസങ്ങളിൽ പുറത്തുവരും.