ഇസ്രയേലിൽ 12 വർഷമായുള്ള നെതന്യാഹുവിന്റെ ഭരണത്തിന് അവസാനമായേക്കുമെന്ന് റിപ്പോർട്ടുകൾ. നെഫ്താലി ബെന്നറ്റ് ഉൾപ്പെടെയുള്ള മുൻ ചങ്ങാതിമാരും പ്രതിപക്ഷ മുന്നണിക്കൊപ്പം കൈകോർത്തപ്പോൾ അധികാരത്തിൽ തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾ പാളുന്നു.
തുടർ തെരഞ്ഞെടുപ്പും രാഷ്ട്രീയ അനിശ്ചിതത്വവും അവസാനിപ്പിക്കാൻ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുമെന്ന് യാമിന പാർടി നേതാവ് നെഫ്താലി ബെന്നറ്റ്. ഇസ്രയേലിനെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് യായിർ ലാപിഡുമായുള്ള സഖ്യചർച്ച നടത്തും. നെതന്യാഹു സർക്കാരിൽ പ്രതിരോധമുൾപ്പെടെ കൈകാര്യം ചെയ്ത മന്ത്രിയും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്നു ബെന്നറ്റ്.
അഴിമതിയാരോപണങ്ങളിൽ അന്വേഷണം നേരിടുന്ന നെതന്യാഹുവിന് ഈ സമയത്ത് അധികാരം കൂടി നഷ്ടമായാൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. നെതന്യാഹുവിനെ പിന്തുണച്ചിരുന്ന ഭൂരിഭാഗവും ഇന്ന് അദ്ദേഹം പുറത്ത് പോകണമെന്ന് ആവശ്യപ്പെടുന്നു. ബെന്നറ്റിനും ലാപിഡനും തമ്മിലുള്ള ചർച്ച ബുധനാഴ്ച വരേ നീളുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. പ്രതിപക്ഷത്തെ ഇരുമുന്നണികളും ഒറ്റകെട്ടായി നിന്ന് അധികാരം നേടുകയാണെങ്കിൽ പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നും ആദ്യ പ്രധാനമന്ത്രി ബെന്നറ്റിനാകുമെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യന്നുണ്ട്. സർക്കാർ രൂപീകരിക്കാൻ ലാപിഡിന് പ്രസിഡന്റ് റ്യൂവെൻ റിവ്ലിൻ അനുവദിച്ചത് ഇരുപത്തിയെട്ട് ദിവസമാണ് നാളെയാണ് അവസാന ദിനം.
പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപെടുകയാണെങ്കിൽ ഇരുപത്തിയൊന്ന് ദിവസം പാർലിമെന്റിനു നൽകും എന്നിട്ടും സർക്കാർ രൂപീകരണം നടന്നിലെങ്കിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിനായിരിക്കും ഇസ്രായേൽ ഒരുങ്ങുക.