സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞി. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശയങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടത്.
കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോട്ട്വെച്ച വിജയകരമായ മാതൃകയാണ് സ്കൂൾകുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകൾ ഓൺലൈൻ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരിൽനിന്ന് നേരിൽ ക്ലാസുകൾ കേൾക്കാനും സംശയം തീർക്കുവാനും കഴിയും. ക്ലാസുകൾ ഡിജിറ്റലിൽ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്ക്കേണ്ട. പഠനം കൂടുതൽ ക്രിയാത്മകമാക്കാൻ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, കവി സച്ചിതാനന്ദൻ, ശ്രീകുമാരൻ തമ്പി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ വിദ്യാർഥികൾക്ക് ആശംസയർപ്പിച്ചു. രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും.