2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദം പോലും തുടങ്ങിയിട്ടില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു.
കടുത്ത പ്രതിഷേധങ്ങൾ ഇന്ത്യയിൽ തുടരുമ്പോഴാണ് കേന്ദ്രം കഴിഞ്ഞ ദിവസം രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേ്ന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നുണ്ട്