2021 ഏപ്രിൽ മൂന്നിന് പുലർച്ച 4.30ന് തൃശ്ശൂരിലെ കൊടകരയിൽ കാറപകടം… സാധാരണ വാഹനാപകടമെന്നുമാത്രം എല്ലാവരും കരുതിയത്... എന്നാൽ അപകടശേഷം കാറും പണവും കവർച്ച ചെയ്യപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നു . അപകടം ഒരു നാടകമായിരുന്നുവെന്നും കാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന കുഴൽപ്പണമാണമായിരുന്നുവെന്നും വിവരങ്ങളെത്തി. തുടർന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് ആർഎസ്‌എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമരാജന് പൊലീസിൽ പരാതി നൽകേണ്ടിവന്നു . എന്നാൽ പൊലീസ് പിടികൂടിയ പ്രതികളിൽ നിന്ന് ഒരു കോടിയോളം രൂപ കണ്ടെടുത്തതോടെ തിരശ്ശീലകൾ പൊളിഞ്ഞ് വൻ ആസൂത്രണം പുറത്തെത്താൻ തുടങ്ങി .
എറണാകുളത്ത് ഭൂമിയിടപാടിനായി കൊണ്ടുപോയ പണമെന്ന വാദം പൊളിഞ്ഞു. കോടികൾ കുഴലായി ഇവിടെയെത്തി എന്ന നിഗമനത്തിലാണ് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും പൊലീസ് ചോദ്യംചെയ്യുന്നത്.ഇവർക്ക് അന്വേഷണസംഘത്തിനുമുന്നിൽ കള്ളം പറഞ്ഞ് പിടിച്ച് നിൽകാൻ കഴിഞ്ഞില്ല.ഓപ്പറേഷൻ താമരയിലൂടെ ഈ ഇടയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ട കർണാടക ബിജെപി കേന്ദ്രങ്ങളിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് സുനിൽ നായിക്കും ധർമരാജനും അന്വേഷണസംഘത്തിനോട് സമ്മതിച്ചു. പണം കർണാടകയിൽ നിന്ന് കൈപ്പറ്റിയത് കെ സുരേന്ദ്രന്റെ വിശ്വസ്തൻ. സുരേന്ദ്രനൊപ്പം യുവമോർച്ച ഭാരവാഹിയായിരുന്ന സുനിൽ നായിക് തന്നെ. കേരളത്തിലെത്തിക്കാൻ ഏൽപിച്ചത് ആർഎസ്എസ്കാരൻ ധർമരാജനെ.
ധർമരാജന്റെ നേതൃത്വത്തിൽ വൻ കുഴൽപണം കേരളത്തിലെത്തുമ്പോഴാണ് കേരളത്തിലെ തന്നെ ചില ബിജെപി നേതാക്കൾ ഈ പണം അടിച്ചുമാറ്റാൻ പദ്ധതിയിട്ടത് . ഈ ആസൂത്രണത്തെത്തുടർന്നാണ് ഒരു സ്ഥിരം മോഷണസംഘം ദൗത്യമേറ്റെടുത്ത് അപകടം സൃഷ്ടിക്കുന്നതും പണം മോഷ്ടിക്കുന്നതും. പണം കൊണ്ടുവന്ന ബിജെപി ഉന്നതരെ ഞെട്ടിപ്പിക്കുന്നതായിരുന്നു സ്വന്തം പാളയത്തിൽ നിന്നുണ്ടായ മോഷണ ശ്രമം.ഏതായാലും ഈ കവർച്ചാ ശ്രമം ഉണ്ടായതുകൊണ്ടുമാത്രമാണ് വൻ തോതിൽ പണമിറക്കി കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ ആസൂത്രണം നമുക്കറിയാൻ കഴിഞ്ഞത്.ഇനി അന്വേഷണസംഘത്തിനുലഭിച്ച നിർണായക മൊഴികൾ.അന്വേഷണത്തിലെ കണ്ടെത്തലുകൾ അതൊന്ന് നോക്കാം.കെ സുരേന്ദ്രന്റെ വിശ്വസ്തൻ സുനിൽ നായിക്കും ആർഎസ്എസ് കാരൻ ധർമരാജനും അന്വേഷണസംഘത്തോട് പറഞ്ഞത് ഞങ്ങൾ പണം ഇവിടെ എത്തിക്കുന്നതിന്റെ ഇടനിലക്കാർ മാത്രമായിരുന്നു. ഇടപാടുകൾക്ക് പിന്നിൽ ഉന്നത നേതാക്കൾ ആണെന്ന്.തൃശ്ശൂരിൽ പണക്കൈമാറ്റത്തിന് മേൽനോട്ടം വഹിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ട്രഷറർ സുജയ് സേനൻ എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു . ഇവർ പി കെ കൃഷ്ണദാസ്-എംടി രമേശ് പക്ഷക്കാരും സുരേന്ദ്ര വിരുദ്ധ ഗ്രൂപ്പുകാരുമാണ്.മധ്യമേഖലാ ബിജെപി സെക്രട്ടറിയും പണവിതരണത്തിന് ചുമതലപ്പെട്ടിരുന്ന മറ്റൊരു ബിജെപി നേതാവുമായ കാശിനാഥൻ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശന്റെ വിശ്വസ്തനാണ് .
കാശിനാഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു .
എം ഗണേശനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ കുറച്ച് സമയം തരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹാജരാകാൻ… ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി ഗിരീഷും ചോദ്യംചെയ്യലിനെത്താൻ സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.തങ്ങൾക്ക് വലിയ തട്ടുകേടുണ്ടാകാതെ അന്വേഷണസംഘത്തെ എങ്ങനെ ഡീൽ ചെയ്യാമെന്ന് അഭിഭാഷകരെ കണ്ട് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരുമെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്….വൻ തോതിൽ പണമെത്തിച്ചത് കെ സുരേന്ദ്രന്റെ വിശ്വസ്തൻ മുൻ യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായിക് … പണ വിതരണത്തിന്റെ ചുമതലയുണ്ടായരുന്ന ധർമരാജൻ ആർഎസ്എസ് നേതാവ്… പൊലീസ് ഇതുവരെ ചോദ്യം ചെയ്ത കുഴൽ പണ ഡീലിംഗ്സിലെ തൃശ്ശൂർ നേതാക്കളെല്ലാം സുരേന്ദ്ര ഗ്രൂപ്പ് വിരുദ്ധർ .
എന്നിട്ടും ഗ്രൂപ്പടികളിൽ പേരുകേട്ട കേരളത്തിലെ സംഘപരിവാർ കുടുബത്തിൽ നിന്ന് ഒരു പ്രതികരണവും പുറത്തുവരുന്നില്ല . കാരണമെന്താ.കുഴൽ പണത്തിന്റെ ഉപഭോക്താക്കളിൽ സംഘപരിവാർ കുടുംബം ഒറ്റക്കെട്ടാണ് എന്നതുകൊണ്ടുതന്നെ.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാമണ്ഡലത്തിന്റെയും ചുമതല നേരിട്ട് ആർഎസ്എസിനായിരുന്നു .
പണം കൃത്യമായി വിഭജിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമടക്കം.പണം ബിജെപിക്കാർ പുട്ടടിക്കാതിരിക്കാൻ ആർഎസ്എസ് മേൽനോട്ടം നിർബന്ധമായിരിക്കണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ടായിരുന്നു … സംഭവിച്ചതെന്താന്നറിയോ.
ബിജെപിക്കാർ പണം പുട്ടടിക്കാൻ സെറ്റാക്കിയപ്പോൾ.പണത്തിന്റെ മേൽനോട്ടമേൽപിച്ച ആർഎസ്എസുകാർ പുട്ടിന്റെകൂടെ മട്ടനടിക്കാനുള്ള സ്കീമിൽ പണം തട്ടി.കുഴലായി കേരളത്തിലെത്തിയ പണം സ്വന്തം പാളയത്തിൽ ചതിയുണ്ടായതോടെ വലിയതോതിൽ പുറത്തിറക്കാനാകാതെ പലരുടെയും കൈയിലുണ്ടന്ന സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചു.ഏതായാലും പണമിറക്കി കളി പിടിക്കാമെന്ന കേന്ദ്രത്തിന്റെ പദ്ധതി എട്ടുനിലയിൽ പൊട്ടി. പണം കൊള്ളയടിക്കപ്പെട്ടതിന്റെ ബുദ്ധികേന്ദ്രങ്ങൾ ആരൊക്കെയെന്ന് കേന്ദ്ര ബിജെപി ഇതിനോടകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഇനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കുറിച്ച്.വൻ സാമ്പത്തിക ഇടപാടുകളിൽ പണത്തിന്റെ സോഴ്സും വിനിമയ മാർഗങ്ങളുമെല്ലാം കണ്ടെത്താൻ ചുമതലപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസി. അതുമാത്രമാണോ.
കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് ജിലേബി കിട്ടിയ സന്തോഷത്തോടെ പാഞ്ഞെത്തുന്ന ടീംസാണ്.എന്തേ.ഒരനക്കവുമില്ലാത്തേ.വൻതോതിൽ കേരളത്തിലെത്തിയ കുഴൽ പണത്തിന്റെ സോഴ്സ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹിയിലെയും കൊച്ചിയിലെയും ഓഫീസുകളിൽ ലഭിച്ച പരാതി അവർ മുക്കി.ഡിആർഐ.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കേന്ദ്ര അന്വേഷണ ഏജൻസി, ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് തന്നെ തയ്യാറായിട്ടില്ല.രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ കുഴൽ പണ കടത്തിൽ എൻഐഎ ക്ക് ഒരു താൽപര്യവുമില്ല.പണം കൈപ്പറ്റിയത് കർണാടകയിലെ ബിജെപി കേന്ദ്രത്തിൽ നിന്നാണെന്ന് സുനിൽ നായിക്ക് കേരളത്തിലെ അന്വേഷണ സംഘത്തെ അറിയിച്ചുകഴിഞ്ഞു.ഇഡിക്കും ഡിആർഐക്കും എൻഐഎക്കും കയറിച്ചെല്ലാൻ പറ്റുന്ന ഇടങ്ങളല്ല സുനിൽനായിക്കിന്റെ മൊഴികളിലുള്ള ഒരിടവും.കേന്ദ്രമന്ത്രിസഭയിലെ ബാലൻസിംഗ് നിലനിർത്തുന്ന പണത്തിന്റെയും ബുദ്ധിയുടെയും കേന്ദങ്ങളാണവ .അന്വേഷണമേറ്റെടുക്കേണ്ട പല കേന്ദ്ര ഉന്നത ഉദ്യോഗസ്ഥരും അവധിയിൽ പോയതായി വിവരങ്ങൾ പുറത്തുവരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന കോടികൾ സ്വന്തം പോക്കറ്റിലാക്കാൻ നീക്കം നടത്തിയ ആർഎസ്എസ് – ബിജെപി നേതാക്കളെക്കുറിച്ച് അന്വേഷണങ്ങളുടെ ഭാഗമായി വിവരങ്ങൾ പുറത്തുവന്നതോടെ ബിജെപി രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം പരസ്പരം തെറി വിളി തുടങ്ങിക്കഴിഞ്ഞു.പണത്തിന്റെ കാര്യമായതുകൊണ്ട് പരസ്യമായി വിഴുപ്പലക്കാൻ ആരും തയ്യാറാകാൻ സാധ്യതയില്ലെങ്കിലും മലയാളികൾക്ക് ഭാഗ്യമുണ്ടെങ്കിൽ അത്തരം തൊഴുത്തിൽകുത്തിന്റെ സംഭാഷണങ്ങളോ കടിച്ചുകീറലുകളോ ഒട്ടും താമസിയ്യാതെ പൊതുസമൂഹത്തിനുമുന്നിലെത്തും.മിസ്റ്റർ കെ സുരേന്ദ്രൻ ഫ്രീസായിരിക്കുകയാണ്. പക്ഷേ ആലപ്പുഴക്കാരൻ ഒരു കർത്തയിലേക്ക് അന്വേഷണം ഒതുക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്രത്തിൽ കള്ളപ്പണം ഡീൽ ചെയ്യുന്നവരുടെ നിർദ്ദേശത്തോടെ സുരേന്ദ്രൻ നടത്തിക്കൊണ്ടിരിക്കുന്നത്.ശബരിമല അയ്യപ്പനെ ഹിന്ദു തീവ്രവാദ മുഖമാക്കി കേരളത്തിലിടംപിടിക്കാൻ നടത്തിയ വൻ കുതന്ത്രങ്ങൾക്ക് കിട്ടിയ ശിക്ഷയാണിതെന്ന് പറയുന്ന മലയാളികളുണ്ട്.ബിജെപി ആളിക്കത്തിച്ച കപട വിശ്വാസ വാദങ്ങളിൽപെട്ടുപോയ അയ്യപ്പവിശ്വാസികളും ധാരാളമുണ്ടായിരുന്നു .
എന്നാൽ ഒരുപാട് ശുദ്ധരായ അയ്യപ്പഭക്തരും കേരളത്തിലുണ്ട്. അവർ പറയുന്നതെന്തെന്നോ.സന്നിധാനത്തിലേക്ക് ഗൂഢതന്ത്രങ്ങളുമായി പോയവൻ… ഇരുമുടിക്കെട്ടിനെ ബിജെപിയുടെ രാഷ്ട്രീയ ആയുധമാക്കിയവൻ…
ഇതൊന്നും പോരാതെ സന്നിധാനത്തേക്കുള്ള കാനനപാതയിൽ കടന്നുകയറി വിശ്വാസികളെ വഞ്ചിക്കാൻ പദ്ധികൾ ആലോചിക്കുകയും ആലോചനയ്ക്ക് എരിവുപകരാൻ കാനനപാതയിൽ വച്ചുതന്നെ ഹാൻസ് ചുരുട്ടി ചുണ്ടിൽ കയറ്റുകയും ചെയ്തവൻ…
അത് ചുരുട്ടിക്കൊടുത്തയാളാണ് കർണാടകയിൽ നിന്ന് പണം കൈപ്പറ്റിയ സുനിൽ നായിക് .നശിച്ചുപോകുമിവൻമാരെന്നാണ് ശുദ്ധരായ അയ്യപ്പഭക്തർ പറയുന്നത് കേട്ടോ.മേൽപറഞ്ഞതൊന്നും സ്വർണക്കടത്തിലിവിടുത്തെ മാധ്യമങ്ങുണ്ടാക്കിയ കഥകൾ പോലത്തെ വിവരങ്ങളല്ല ,പച്ചയായ സത്യങ്ങൾ.സംഘപരിവാറിന്റെ ഗൂഢാലോചനയിൽ പിറന്ന ഈ കൊടുകുറ്റകൃത്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തെ എന്തുകൊണ്ട് പ്രധാന മാധ്യമങ്ങൾ പൊതു ഇടങ്ങളിലെ ഗൗരവമുള്ള ചർച്ചയാക്കുന്നില്ല