കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പി എ ബിജെപിയിൽ ചേർന്നു. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
അതേസമയം ബിജെപിക്കും ഫാസിസത്തിനുമെതിരായ സമരത്തിൽ സിപിഎമ്മിനാണ് കൂടുതൽ വിശ്വാസ്യതയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ബിജെപി–-ഫാസിസ്റ്റ് വിരുദ്ധതയിൽ ശക്തമായ സമീപനവും നിലപാടുമുള്ളത് സിപിഎമ്മിനും എൽഡിഎഫിനുമാണെന്ന് സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം പറഞ്ഞു. കമ്യൂണിസം ഒരിക്കലും ഫാസിസത്തോട് സന്ധിചെയ്യില്ല. നിഷ്പക്ഷമായി ചിന്തിക്കുന്നവരും വാർത്തകൾ വായിക്കുന്നവരുമായ സമസ്തയിലുള്ളവർക്കും മറ്റുള്ളവർക്കും ഈ അഭിപ്രായവും കാഴ്ചപ്പാടുമാണുണ്ടാവുക. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതിൽ സമസ്തയ്ക്ക് ആശങ്കയുണ്ട്. അങ്ങനെ പോകരുതെന്നാണ് സമസ്തയുടെ അഭിപ്രായം.
ഈ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസികൾക്ക് ഫാസിസ്റ്റ് വിരുദ്ധരെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടാകും. ഫാസിസ്റ്റ് ശക്തികളെ എതിർക്കുക എന്ന ഇന്ത്യ കൂട്ടായ്മയുടെ ലക്ഷ്യത്തിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത് എൽഡിഎഫാണ്. ഇന്നലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗമുണ്ട്. മുസ്ലിങ്ങൾ സ്വത്തുക്കളും രാജ്യവും കൈയടക്കാൻ ശ്രമിക്കുകയാണെന്ന വർഗീയമായ പ്രസംഗമാണത്. അതിനൊക്കെ എതിരെ ശക്തമായ നിലപാട് സിപിഎമ്മിനാണുള്ളത്. മുസ്ലിംലീഗുമായി സമസ്തയ്ക്ക് വിവിധ വിഷയങ്ങളിൽ തർക്കമുണ്ട്. ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെയടക്കം അധിക്ഷേപിച്ചിട്ടുണ്ട്.