മലപ്പുറം: മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ യൂത്ത് കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയും വാർഡ് മെംബറുമായ ഹക്കീം പെരുമുക്കാണ് പെൻഷൻ തട്ടിയത്. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബർ 17 ന് മരിച്ചിരുന്നു.
സമയ ബന്ധിതമായി കുടുംബം പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പർകൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നൽകിയത്.
2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 ഒക്ടോബർ മുതൽ പെൻഷന് വീട്ടിൽ ലഭിച്ചിട്ടുമില്ല. മെംബർക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി