തിരുവനന്തപുരം: ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 11 രൂപ സബ്സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നത്. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും മാത്രമാണ് കേന്ദ്ര ലക്ഷ്യം. സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ റൈസ് വിതരണത്തിന് ആവശ്യമായ സഞ്ചികളിലെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ചില മാധ്യമങ്ങൾക്ക് വാർത്തയല്ല. കേരള ബാങ്ക് ഉൾപ്പെടെയുള്ളവർ സഞ്ചി നൽകാൻ താൽപ്പര്യം അറിയിച്ചു. സബ്സിഡി ഇതര സാധനങ്ങൾ റംസാൻ ഈസ്റ്റർ വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് വിതരണം ചെയ്യുന്നത്.