തിരുവനന്തപുരം: ചികിത്സാ സഹായം ചോദിച്ചതിന് ബിജെപി നേതാവ് സുരേഷ് ഗോപി പരിഹസിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി സർക്കാർ. അപൂർവ രോഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്.
കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നൽകുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം ചോദിച്ചപ്പോൾ അപമാനിക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി.
ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു.