തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും വർധനവ്. 2022–-23ൽ ആകെ വിറ്റുവരവ് 40,774.07 കോടിയായി വർധിച്ചു. 2021–-22ൽ ഇത് 37,405 കോടിയായിരുന്നു. ഒമ്പതു ശതമാനമാണ് വർധന. 67 സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിൽ 23.46 ശതമാനം വർധനയുണ്ടാക്കി. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2021–-22ൽ 1,27,416 പേരാണ് തൊഴിലെടുത്തിരുന്നതെങ്കിൽ 2022–-23ൽ 1,29,982 പേരായി വർധിച്ചു. രാജ്യത്താകെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും പുതിയ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്യുമ്പോഴാണിത്. നിക്ഷേപവും മുൻവർഷത്തെക്കാൾ 11.54 ശതമാനം വർധിച്ച് 90,948.14 കോടിയായി. 57 സ്ഥാപനങ്ങൾ ലാഭം കൈവരിച്ചു. മുൻവർഷം 855.02 കോടിയായിരുന്ന ലാഭം 889.15 കോടിയായി വർധിച്ചു. 2021–-22ൽ 66 സ്ഥാപനങ്ങളാണ് നഷ്ടത്തിൽ പ്രവർത്തിച്ചതെങ്കിൽ കഴിഞ്ഞവർഷം 59 ആയി കുറഞ്ഞു. മുൻവർഷം നഷ്ടമുണ്ടാക്കിയ 12 സ്ഥാപനങ്ങൾ ലാഭത്തിലായി. 32 സ്ഥാപനങ്ങൾ ലാഭം വർധിപ്പിച്ചു.
കെഎസ്‌എഫ്‌ഇയാണ് കൂടുതൽ ലാഭമുണ്ടാക്കിയത്. 2021–-22ൽ 105.49 കോടിയാണ് ലാഭമെങ്കിൽ 2022–-23ൽ 350.88 കോടിയായാണ് വർധിച്ചത്. കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. വിറ്റുവരവിൽ ഒന്നാം സ്ഥാനത്ത് കെഎസ്‌ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്‌എഫ്‌ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോർപറേഷനുമാണ് (3393.77 കോടി). നഷ്ടത്തിൽ മുന്നിൽ കെഎസ്‌ആർടിസിയും (1521.82 കോടി) വാട്ടർ അതോറിറ്റിയും (1312.84 കോടി) ആണ്.