തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. 26,125 പേർക്കാണ് നേട്ടം.
ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഓണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര സർക്കാർ 2000 രൂപമാത്രമാണ് ആശമാർക്ക് ഇൻസെന്റീവായി നൽകുന്നത്. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ (എൻഎച്ച്എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.