തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമിയിൽ അന്താരാഷ്ട നിലവരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തുറമുഖ – സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
കേരളാ മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമികളിൽ തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത ഭൂമികൾ മറ്റാവശ്യങ്ങൾക്കായി പി പി പി മാതൃകയിൽ വികസിപ്പിക്കുവാനുള്ള കേരളാ മാരിടൈം ബോർഡിൻ്റെ പദ്ധതി തുറമുഖവകുപ്പ് മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ഭൂമി ടൂറിസം പദ്ധതികൾക്ക് ഉതകുന്ന സ്ഥലങ്ങൾ പദ്ധതികൾക്കായി വികസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ ഭൂമിയും, വലിയതുറയിലെ തുറമുഖ കെട്ടിടങ്ങളും ഭൂമിയും, ആലപ്പുഴയിൽ മറീന, രണ്ട് ലൈറ്റ് ഹൗസുകൾ ഇവയാണ് ആദ്യഘട്ടമെന്ന നിലയിൽ വികസിപ്പിക്കുന്നത്.
ഈ ടൂറിസം പദ്ധതികൾക്ക് തടസ്സങ്ങൾ നീക്കുന്നതിന് തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി, മാരിടൈം ബോർഡ് ചെയർമാൻ, ടൂറിസം വകുപ്പ് സെക്രട്ടറി, ടൂറിസം വകുപ്പ് ഡയറക്ടർ എന്നിവരുൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കും. ഇരു വകുപ്പുകളുമായുള്ള എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ അതും കമ്മിറ്റി പരിഹരിക്കണം. ആവശ്യമുള്ള ഘട്ടങ്ങളിൽ കേരളം ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഡയറക്ടറെ സഹകരിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.
ഹൗസ് ബോട്ട് മേഖലയിൽ നടപ്പിലാക്കേണ്ട പരിഷ്കരണങ്ങളും മുഖ്യമന്ത്രി ജനുവരി 22 ആം തീയതി വിളിച്ച് ചേർത്ത യോഗത്തിൻ്റെ തീതമാനങ്ങൾ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.
ടൂറിസം വികസനത്തിനായി തുറമുഖ വകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ടൂറിസം വകുപ്പിൻ്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അറിയിച്ചു ബീച്ച് ഷാക്കുകൾ പോലെയുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കുവാനും തുറമുഖ വകുപ്പ് മുൻകൈയെടുക്കണമെന്നും ടൂറിസം വകുപ്പ് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
തുറമുഖ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരളാ മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം അഡിഷണൽ ഡയറക്ടർ പ്രേം കൃഷ്ണൻ, കേരളാ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ എ ഹഖ്, തുറമുഖ സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു