തിരുവനന്തപുരം: രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ട് ഞങ്ങൾ ആ അവകാശം വിനിയോഗിക്കിക്കുകയാണ് ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് ഗവർണർ ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവർണർ തെരുവിലേക്കിറങ്ങി, പ്രതിഷേധിക്കുന്ന പ്രവർത്തകർക്കുനേരെ പ്രകോപനം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ്. എന്തൊക്കെ നാടകങ്ങൾ കളിച്ചാലും എസ്എഫ്ഐയുടെ സമരത്തിന്റെ മൂർച്ച കുറയില്ലെന്നും ആർഷോ പറഞ്ഞു.
കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തു.