തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ ഡൽഹിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫെബ്രുവരി എട്ടിന് ദില്ലിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറൽ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയൻ തേടിയിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ നിലപാടുകൾക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും. ഇത് സമരമല്ല സമ്മേളനമാണ് എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. അത് അടിസ്ഥാനമില്ലാത്ത വാർത്തയാണ്. സമരം ശക്തമായ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകും. ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ സുപ്രീംകോടതി ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ പ്രതികാര മനോഭാവം അംഗീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ നിലപാട്.
ഇത് ഫലപ്രദമായ ഇടപെടലാണ്. മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സർക്കാരും ഇ ഡിയും തമ്മിൽ പോരാട്ടം നടക്കുന്നുണ്ട്. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഇടപെടലാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത് എന്നത് സുപ്രീംകോടതിയും അംഗീകരിച്ചുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽനിന്നും മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നടപടിയെയും എം വി ഗോവിന്ദൻ വിമർശിച്ചു. ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിൻറെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്.
ബാബറി മസ്ജിദിന്റെ തകർച്ചയും തുടർന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിൽ ആ സ്ഥലത്ത് പണിത ശ്രീരാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ വലിയ കലാപങ്ങൾ തന്നെ നടന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഈ ഏഴെണ്ണത്തിൽ പെടുന്നുണ്ട്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അതിന് പുറമെ ഡൽഹി, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. 2024-ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള ഭരണവർഗത്തിന്റെ ബോധപൂർമായ പ്രവർത്തനമാണ് ഇതിന് പിന്നിൽ.’ എം,വി ഗോവിന്ദൻ പറഞ്ഞു.