അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്ന നടൻ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. സംഘപരിവാർ അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണ് മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.
വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റർ മോഹൻലാൽ നിങ്ങളുടെ സിനിമകൾ ഇനി മുതൽ ഞാനും എൻ്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ.
അതേസമയം അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനൻ, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ചത്.