കൊച്ചി: മഹാരാജാസ് കോളേജിൽ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മഹാരാജാസിലെ എൻവയോൺമെന്റൽ കെമിസ്‌ട്രി മൂന്നാംവർഷ വിദ്യാർഥി ഇരിട്ടി മുഴക്കുന്ന് സ്വദേശി ടി കെ മുഹമ്മദ് ഇജ്‌ലാനാണ് അറസ്‌റ്റിലായത്. കേസിൽ എട്ടാംപ്രതിയാണ് മുഹമ്മദ് ഇജ്‌ലാൻ. ഇതുകൂടാതെ കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 18 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ബിഎ ഹിസ്‌റ്ററി മൂന്നാംവർഷ വിദ്യാർഥിയുമായ പി എ അബ്‌ദുൾ നാസിറിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു.
മഹാരാജാസിലെ ബിഎ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർഥി അബ്‌ദുൾ മാലിക്, അറബിക് മൂന്നാംവർഷ വിദ്യാർഥികളായ ബിലാൽ, റാഷിദ് എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. സംഗീതം മൂന്നാംവർഷ വിദ്യാർഥി ധാനിഷ്, ബികോം മൂന്നാംവർഷ വിദ്യാർഥി അഫ്‌ഹാം, കമൽ, എംഎ ഫിലോസഫി ഒന്നാംവർഷ വിദ്യാർഥി അമൽ ടോമി, ബിഎ മലയാളം രണ്ടാംവർഷ വിദ്യാർഥി അഭിനവ്, ബികോം മൂന്നാംവർഷ വിദ്യാർഥികളായ സഹദൻ, മുഖ്‌താർ, ഫിസിക്‌സ് രണ്ടാംവർഷ വിദ്യാർഥി ബേസിൽ, പൊളിറ്റിക്കൽ സയൻസ് മൂന്നാംവർഷ വിദ്യാർഥി റിത ഇസ്‌ലാം, രണ്ടാംവർഷ വിദ്യാർഥി അയിഷ എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കുപുറമെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയുമാണ് കേസ്.
അബ്‌ദുൾ മാലിക്, ബിലാൽ, റാഷിദ്, ധാനിഷ് എന്നിവരാണ് അബ്‌ദുൾ നാസിറിനെ കത്തികൊണ്ട് ആക്രമിച്ചത്. പല ഭാഗത്തും വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിൽ വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോൾ അബ്‌ദുൾ നാസിറിന്റെ കൈക്ക് പരിക്കേറ്റു. അഫ്‌ഹാമും കമലും ഇരുമ്പുവടികൊണ്ട് മർദിച്ചു. മറ്റുള്ളവർ പട്ടികക്കഷണം, ഇരുമ്പുവടി എന്നിവകൊണ്ടും അടിച്ചു.