തിരുവനന്തപുരം: മരുന്നിനില്ല മരുന്ന് എന്ന തലകെട്ടിൽ മലയാള മനോരമ നൽകിയ വ്യാജ വാർത്തയെ തുറന്ന് കാട്ടി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി ഈ സാമ്പത്തിക വർഷം, മാർച്ച് വരെ ആശുപത്രി ആവശ്യപ്പെട്ട മുഴുവൻ മരുന്നും സർക്കാർ കൊടുത്തു കഴിഞ്ഞു. 100% സപ്ലൈ ചെയ്തു കഴിഞ്ഞു. 20 ശതമാനം മരുന്ന് അധികം നൽകുന്നിരിക്കെയാണ് ഈ വാർത്ത കൊടുക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
‘മരുന്നിനില്ല മരുന്ന്’ എന്നാണ് ഇന്ന് മനോരമ പത്രത്തിന്റെ മുൻപേജിൽ വന്ന പടത്തിന്റെ ക്യാപ്ഷൻ. ഒരു കുറിപ്പും ചേർത്തിട്ടുണ്ട്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ കുറിച്ച് കൊടുത്ത കുറിപ്പടിയും ചിത്രത്തിലുണ്ട്. മറ്റുചില മാധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലിലും ഇത് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം കണ്ട ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടർ, കെഎംഎസ് സി എൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരോട് വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഡി.ഡി.എം.എസ്. (ഡ്രഗ് ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ് സിസ്റ്റം) പ്രകാരം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നിർദ്ദേശിച്ച മരുന്നുകൾ സംബന്ധിച്ച സ്റ്റോക്ക് പൊസിഷൻ അവർ നൽകിയത് ചേർക്കുന്നു.
ഡി.ഡി.എം.എസ്. പ്രകാരം വ്യക്തമാകുന്നത് മരുന്നുകളെല്ലാം അവിടെയുണ്ട് എന്നാണ്. ഇതൊന്നും ഇന്നലെയ്ക്ക് ശേഷം കൊടുത്തതല്ല. Moxclav സെപ്റ്റംബറിൽ 1.75 ലക്ഷം കൊടുത്തതിൽ ശേഷിക്കുന്നതാണ് ഇത്. ഒരു മെഡിസിൻ Cetrizine, ഈ സാമ്പത്തിക വർഷം, അതായത് മാർച്ച് വരെ ആശുപത്രി ആവശ്യപ്പെട്ടത് മുഴുവൻ കൊടുത്തു കഴിഞ്ഞു. 100% സപ്ലൈ ചെയ്തു കഴിഞ്ഞു. എന്നാൽ Cetrizineന് പകരം മറ്റു മരുന്നുകൾ ആശുപത്രിയിൽ ലഭ്യമാണ്.
ആശുപത്രി ഒരു സാമ്പത്തിക വർഷത്തേക്ക് ആവശ്യപ്പെട്ടതിനേക്കാൾ മരുന്നുകൾ ഉപയോഗിക്കപ്പെട്ട് കഴിയുമ്പോഴാണ് പലപ്പോഴും ആശുപത്രിയിൽ ചില മരുന്നുകൾ ഇല്ലാതെ വരുന്നത്. ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഓരോ വർഷവുമുണ്ടാകുന്ന വർധനവാണ് ഇതിന് കാരണമായിട്ടുള്ളത്. ഈ വർധനവ് മുന്നിൽ കണ്ട് ഓരോ തവണയും 20 ശതമാനലധികം മരുന്നുകൾ ആശുപത്രികൾക്ക് കൂട്ടിയാണ് നൽകാറുള്ളത്.
ആശുപത്രികൾ ആവശ്യപ്പെടുന്ന മരുന്നുകൾ അതിന് മുമ്പുള്ള സാമ്പത്തിക വർഷം ഒക്ടോബർ, നവംബർ മാസത്തിലാണ് ടെൻഡർ ചെയ്യുന്നത്. ഒരു സാമ്പത്തിക വർഷത്തേക്ക് ആശുപത്രി ആവശ്യപ്പെട്ട മരുന്നുകൾക്ക് ഉപരിയായി ആ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടിയാൽ ആ മരുന്നുകൾ നേരത്തെ തന്നെ തീർന്ന് പോയേക്കാം. അപ്പോഴും 25 ശതമാനം കൂടുതൽ നൽകണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ മരുന്നുകൾ 30 ശതമാനം തീരുന്നതിന് മുമ്പ് അറിയിക്കണമെന്ന നിർദേശവും കൊടുത്തിട്ടുണ്ട്.
സർക്കാരിന്റെ എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ പെടാത്ത മരുന്നുകൾ ഡോക്ടർമാർ കുറിച്ചാൽ അത് ഫാർമസിയിൽ ഉണ്ടാകില്ല. അതിനാണ് ജനറിക് മെഡിസിൻ (മരുന്നുകളുടെ രാസനാമം) കുറിക്കണമെന്ന് മാനദണ്ഡം ഉള്ളത്. ഇത് പാലിക്കപ്പെടാത്തതും ആന്റിബയോട്ടിക്ക് അനാവശ്യമായി കുറിക്കുന്നതും ഒക്കെ പരിശോധിക്കാൻ ഇപ്പോൾ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് മാസത്തിലൊരിക്കൽ കർശനമായി നടത്തണമെന്ന് തീരുമാനിച്ച് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇനി വാർത്തയിൽ പറയുന്ന ഈ കുറിപ്പടിയിലെ 9 മരുന്നുകളിൽ ആദ്യം മൂന്നും പിന്നീട് നാലും മരുന്നുകൾ കിട്ടിയെന്ന് വിശദീകരണത്തിൽ പറയുന്നു. എന്നാൽ തലക്കെട്ട് ‘മരുന്നിനില്ല മരുന്ന്’ എന്നാണ്. ഇതിൽ ഒരു മരുന്ന് എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ അതായത് സർക്കാർ സപ്ലൈ ഇല്ലാത്തതാണ്.
മരുന്ന് ഉണ്ടായിട്ടും ഒരു സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വാർത്ത കൊടുത്ത മാധ്യമം തന്നെ പറയുന്നു 9 മരുന്നിൽ 7 മരുന്നും കിട്ടിയെന്ന്. എന്താണ് സ്ഥിതി എന്ന് തിരക്കാതെ ‘മരുന്നിനില്ല മരുന്ന്’ എന്ന് ജനറലൈസ് ചെയ്ത് ഈ രീതിയിൽ ഒരു തെറ്റായ ധാരണ പരത്തുന്നതിന് വേണ്ടി നടത്തിയ ശ്രമം തീർത്തും നിർഭാഗ്യകരമാണ്.