തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസിൻ്റെ സമീപനം രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാർ സഹായത്തിൽ ക്ഷേത്രം പണിയുന്നത് മതനിരപേക്ഷ നാടിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസും ബിജെപിയും വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വർഗീയവാദികൾ വിശ്വാസത്തെ മറയാക്കി നടക്കുകയാണ്. വിശ്വാസത്തെ മറയാക്കി ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നേടാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസിനുള്ളിലും ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന നയമാണ് ആർഎസ്എസ്- ബിജെപി സംവിധാനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമാണം യഥാർത്ഥത്തിൽ പൂർത്തിയായിട്ടില്ല. 2025ൽ പണി പൂർത്തിയാകുമെന്നാണ് മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ടുകൾ. അപ്പോൾ 2024 ജനുവരിയോടെ പ്രത്യേകത എന്താണ്? രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയാണ് രാമക്ഷേത്രം ഉപയോഗിക്കുന്നത്. വർഗീയ ധ്രുവീകരണം നടത്തി വോട്ടർമാർക്കിടയിൽ തങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ് ബിജെപി. രാഷ്ട്രീയത്തിൽ വിശ്വാസം കലർത്തി വർഗീയത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണിത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം വന്നപ്പോൾ തന്നെ പങ്കെടുക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്ന് പ്രഖ്യാപിക്കുന്ന കോൺഗ്രസിന് അത്തരം നയസമീപനങ്ങളിൽ ഉറച്ചുനിൽക്കാനാകുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ പരാജയം കാണിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലെയും ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ചുകൊണ്ടല്ലാതെ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.