മലപ്പുറം: ബാബ്‌റി മസ്‌ജിദ് പൊളിച്ച സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിൻ്റെ ഉദ്‌ഘാടനം പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമെന്ന് മുസ്‌ലിം ലീഗ്. ഓരോ രാഷ്ട്രീയ പാർട്ടിയും ഇത് തിരിച്ചറിഞ്ഞ് സ്വതന്ത്രമായ തീരുമാനം എടുക്കണം. മതേതരത്വ കാഴ്‌ചപ്പാടുള്ള പാർട്ടികളൊക്കെ അത് ചെയ്യുമെന്നാണ് വിശ്വാസമെന്നും സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയകാര്യ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മോദി സർക്കാറിൻ്റെ ലക്ഷ്യം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് തന്നെയാണ്. ഹൈന്ദവ സമുദായത്തിൻ്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. അത് സംബന്ധിച്ച് ഒരഭിപ്രായവും പറയുന്നില്ല. പക്ഷേ, രാമക്ഷേത്ര ഉദ്‌ഘാടനം രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആരാധനയല്ല രാഷ്ട്രീയം തന്നെയാണ് വിഷയം. മറ്റൊന്നും ഈ അവസരത്തിൽ പറയാനില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.