തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേർക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയത്.
കാസ്പിൽ സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ 41.96 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടുന്നു. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന് അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്. മന്ത്രി പറഞ്ഞു.