കോഴിക്കോട്: രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സിപിഎമ്മിനെപ്പൊലെ നിലപാടെടുക്കാൻ കോൺഗ്രസിനാവില്ലെന്ന് കെ മുരളീധരൻ എം പി. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർടിയാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഇതേവരെ നിലപാടെടുത്തിട്ടില്ല. എല്ലാവരുടെയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് തീരുമാനമെടുക്കൂ. പങ്കെടുക്കരുതെന്ന കേരള ഘടകത്തിൻ്റെ അഭിപ്രായം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും വാർത്താലേഖകരോട് മുരളീധരൻ പറഞ്ഞു.
അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു.